Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുമോ; സുനകിന് സാധ്യതയേറുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് ബോറിസ് ജോണ്‍സണ്‍ പിന്മാറി.ഇതോടെ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി. ഋഷി സുനക് ഇതുവരെ 147 എംപിമാരുടെ പിന്തുണ ഉറപ്പാക്കി. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

100 എംപിമാരുടെ പിന്തുണയുള്ള ആര്‍ക്കും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ഇന്ന് രണ്ട് മണി വരെ സമയമുണ്ട്. ഇതിനിടയിലാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം. ലിസ് ട്രസ് രാജിവച്ച സാഹചര്യത്തില്‍ വീണ്ടും മത്സര രം​ഗത്തേക്ക് ഇറങ്ങാന്‍ ബോറിസ് ജോണ്‍സണ്‍ താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ 57 പേരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സണ് ഉറപ്പാക്കാനായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഐക്യത്തിന് വേണ്ടിയാണ് തന്റെ പിന്മാറ്റമെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.

147 എംപിമാരുടെ പിന്തുണ ഉറപ്പാക്കിയ സാഹചര്യത്തില്‍ ഋഷി സുനക് ഔദ്യോ​ഗികമായി തന്റെ സ്ഥാനാ‍ര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ഋഷി സുനക് വ്യക്തമാക്കി. ഋഷി സുനക്കിനെ കൂടാതെ പെനി മോര്‍ഡന്റ് മാത്രമാണ് ഔദ്യോ​ഗികമായ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.