Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഗവർണ്ണറുമായി ഏറ്റുമുട്ടാൻ തയ്യാറെടുത്ത് എൽ ഡി എഫ് സർക്കാർ; വിസി മാർ രാജിവെക്കില്ല.

കേരളം: സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് തിങ്കളാഴ്ച രാവിലെ 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ നിയമപരമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍.ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന തുടങ്ങി. രാജി വെക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.

അതേസമയം വിസിമാര്‍ രാജി നിര്‍ദേശം തള്ളിയാല്‍ ഗവര്‍ണറുടെ അടുത്ത നടപടി ഏറെ നിര്‍ണായകമാണ്. വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രൊഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന നടപടിയിലേക്ക് ഗവര്‍ണര്‍ കടന്നേക്കുമെന്നും സൂചനകളുണ്ട്. എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടുത്തിടെ ശേഖരിച്ചതാണ് ഇത്തരമൊരു സംശയം ഉയര്‍ത്തുന്നത്.

അതേ സമയം ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയതെന്നും സതീശന്‍ ആരോപിച്ചു.

യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി വൈസ് ചാന്‍സിലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനം.ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങള്‍ നടന്നപ്പോള്‍ അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസില്‍ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചു.