Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സംഗീത പരിപാടിക്കിടെ വ്യോമാക്രമണം ;മ്യാന്മറില്‍ അറുപതിലധികം പേർ കൊല്ലപ്പെട്ടു .

മ്യാന്മറില്‍ സംഗീത പരിപാടിക്കിടെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സംഗീതഞ്ജര്‍ ഉള്‍പ്പെടെ അറുപതിലധികം പേര്‍ കൊല്ലപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷമായ കച്ചിന്‍ വിഭാഗത്തിന്റെ രാഷ്ട്രീയ സംഘടനയുടെ വാര്‍ഷിക ആഘോഷത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മറില്‍ വര്‍ധിക്കുന്ന അതിക്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്‍ഡോനേഷ്യയില്‍ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ചേരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ആക്രമണം. രാജ്യത്ത് സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന വ്യോമാക്രമണം കൂടിയാണിത്. അതേസമയം, സൈനിക ഭരണകൂടം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.

കച്ചിന്‍ വംശീയ ന്യൂനപക്ഷത്തിന്‍റെ പ്രധാന രാഷ്ട്രീയ സംഘടനയായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെക്കുറിച്ചുള്ള സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെങ്കിലും കച്ചിനോട് അനുഭാവമുള്ള മാധ്യമങ്ങള്‍ വിവിധ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തകര്‍ന്ന വാഹനങ്ങള്‍, പ്ലാസ്റ്റിക് കസേരകള്‍, തടി ഉപകരണങ്ങള്‍ ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ കാണാം.

സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന വംശീയ ന്യൂനപക്ഷങ്ങളുടെ സായുധ മുന്നേറ്റങ്ങള്‍ മ്യാന്മറിലെ രാഷ്ട്രീയ കാലാവസ്ഥയെ പതിറ്റാണ്ടുകളോളം കലുഷിതമാക്കിയിരുന്നു. എന്നാല്‍, ജനാധിപത്യവാദ പ്രസ്ഥാനങ്ങള്‍ സായുധമായി സംഘടിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.