Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലപ്പത്തു ഇന്ത്യൻ വംശജൻ ; വെള്ളക്കാരെ ഇനി ഋഷി സുനക് നയിക്കും .

ന്യൂഡൽഹി :കാലങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടന്റെ ഭരണം കൈയ്യാളാന്‍ ഒരു ഇന്ത്യന്‍ വംശജന് അവസരം ലഭിക്കുമ്ബോള്‍ അത് കാലത്തിന്റെ കണക്ക് തീർക്കൽ ആയി .
ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുന്നത്. ഇന്ത്യയെയും ഇന്ത്യയുടെ പാരമ്ബര്യത്തെയും എപ്പോഴും മുറുകെ മുറുകെ പിടിക്കുന്നയാളാണ് ഋഷി സുനക്.

യോക്‌ഷൈറയില്‍ നിന്ന് എംപി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവത്ഗീതയില്‍ തൊട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യയാളായിരുന്നു സുനക്. ഏറെ സമ്മര്‍ദ്ദം നിറയുമ്ബോഴും പ്രതിസന്ധിഘട്ടങ്ങളിലും ആശ്രയിക്കുന്നത് ഭഗവത്ഗീതയാണെന്ന് അദ്ദേഹം നേരത്തെ പരാമര്‍ശിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ ആദ്യം നഷ്ടമായ പദവി അദ്ദേഹത്തിന്റെ രണ്ടാം വരവ് ആ ണിത് .

ഇന്ത്യന്‍ പൈതൃകങ്ങളെയും മൂല്യങ്ങളെയും എന്നും നെഞ്ചോട് ചേര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും കുടുംബം നിരന്തരം ഓര്‍മ്മിപ്പിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനും സുനക് മറക്കാറില്ല. ഭാര്യ അക്ഷതയ്‌ക്കൊപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മകളാണ് അക്ഷത.പ്രധാനമന്ത്രിക്കസേരയിലേക്കുള്ള ഋഷി സുനകിന്റെ യാത്ര അത്ര സ്വാഭാവികമായിരുന്നില്ല. പ്രമുഖരെ പിന്തള്ളിയാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ രണ്ടാമനായത്. അതേ ബോറിസിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍നിന്ന് ആദ്യം രാജിവെച്ചു. രണ്ടാമനില്‍നിന്ന് ബ്രിട്ടന്റെ ഒന്നാമനാകാനുള്ള ആദ്യ അവസരത്തില്‍ അവസാന ഘട്ടം വരെ പൊരുതി, പക്ഷേ ഒടുവില്‍ തോറ്റു. നാല്‍പത്തിയഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം അവിശ്വസനീയമായ തിരിച്ചുവരവിലൂടെ പ്രധാനമന്ത്രി പദവിയിലേക്ക്.

ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള നാല്‍പ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് അദ്ദേഹം.

നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടിയത്. നേരത്തെ ധനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ഋഷി മത്സരത്തില്‍ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍, പ്രചാരണം അവസാന റൗണ്ടിലേക്കെത്തിയപ്പോള്‍ ലിസ് ട്രസ് മുന്നിലെത്തി.

പരാജയശേഷം ആദ്യം നടത്തിയ പ്രതികരണത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ ഒരു കുടംബമാണെന്ന് ഋഷി പറഞ്ഞു. രാജ്യത്തെ പ്രയാസകരമായ സമയങ്ങളില്‍ നയിക്കുന്ന ലിസ് ട്രസിനു പിന്നില്‍ ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. സാമ്ബത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചപ്പോള്‍, കൈയ്യെത്തും ദൂരത്തു നിന്ന് അകന്നുപോയ പ്രധാനമന്ത്രി പദമാണ് ഋഷിയെ തേടിയെത്തുന്നത്.

നികുതിയിളവ് പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പില്‍ ലിസ്ട്രസിനെ ഋഷി സുനകിന്റെ മുന്നിലെത്തിച്ചത്. പ്രതിവര്‍ഷം 3,000 കോടി യൂറോയുടെ നികുതിയിളവ് ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. ഊര്‍ജ്ജത്തിന് ഈടാക്കുന്ന ഹരിത നികുതി നിര്‍ത്തലാക്കുമെന്നും അവര്‍ വാഗ്ദാനംചെയ്തു. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ധനമന്ത്രിയും തന്റെ എതിരാളിയുമായിരുന്ന ഋഷി പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി പിന്‍വലിക്കുമെന്നും ലിസ് പറഞ്ഞിരുന്നു.

എന്നാല്‍, രാജ്യത്തിന്റെ നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഋഷിയുടെ നിലപാട്. കോവിഡും ബ്രെക്‌സിറ്റും യുക്രൈന്‍- റഷ്യ സംഘര്‍ഷവും പരിക്കേല്‍പിച്ച ബ്രിട്ടന്റെ സാമ്ബത്തിക സ്ഥിതിയെ സംബന്ധിച്ച യാഥാര്‍ഥ്യ ബോധത്തോടെയുള്ള മുന്നറിയിപ്പായിരുന്നു അത്. രാജ്യം നേരിടുന്ന വിലക്കയറ്റം പരിഹരിച്ചതിനു ശേഷമേ നികുതിയിളവിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും സാധിക്കൂവെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നാല്‍, ഈ നിലപാടിന് അന്ന് വലിയ വിലയാണ് ഋഷിക്ക് നല്‍കേണ്ടിവന്നത്. അഭിപ്രായ സര്‍വ്വേകളില്‍ അദ്ദേഹം പിന്നോട്ടുപോകുന്നതാണ് പിന്നെ കണ്ടത്.

പക്ഷേ, ആഴ്ചകള്‍ക്കകം തന്നെ ലിസ്ട്രസിന്റെ സാമ്ബത്തിക നയം അബദ്ധമായിരുന്നെന്ന് രാജ്യത്തിന് ബോധ്യമായി. സുനക് പ്രധാനമന്ത്രിയാകുമ്ബോള്‍ അംഗീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സാമ്ബത്തിക നയം കൂടിയാണ്.യശ് വീര്‍- ഉഷാ സുനാക് ദമ്ബതികളുടെ മകനായി സതാംപ്ടണിലാണ് 1980 മെയ് 12ന് ഋഷി സുനാക് ജനിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലാണ് സുനാകിന്റെ കുടുംബവേര്. 1960-കളിലാണ് സുനാകിന്റെ കുടുംബം ആഫ്രിക്കയിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കും കുടിയേറിയത്. ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലായിരുന്നു സുനാകിന്റെ പഠനം. സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ അനലിസ്റ്റായും ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിലും ജോലി നോക്കി. പിന്നീട് ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറുമായി. നാരായണമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കറ്റാമരന്‍ വെഞ്ച്വേഴ്‌സില്‍ ഡയറക്ടറുമായിരുന്നു അദ്ദേഹം. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

കോവിഡ് കാലത്തെ ഋഷിയുടെ നയങ്ങള്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ബിസിനസുകാരേയും സാധാരണജോലിക്കാരേയും സഹായിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പാക്കേജാണ് ഋഷിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്. കോവിഡ് കാലത്ത് ഉണ്ടായേക്കാവുന്ന ജോലിനഷ്ടത്തെ പിടിച്ചുകെട്ടാന്‍ വേണ്ടി നടത്തിയ ശ്രമവും വലിയ വിജയം കണ്ടു. കൂട്ട തൊഴിലില്ലായ്മ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യം ഇല്ലാതാക്കിയതിന് ഋഷി കയ്യടി നേടി. കുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാന്‍ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാതിരുന്നത് പക്ഷേ അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, ബോറിസിനെ താഴെയിറക്കിയ പാര്‍ട്ടിഗേറ്റ് വിവാദം ഋഷിയെയും പിടികൂടി. കോവിഡ് നിയമങ്ങള്‍ ലംഘിച്ച്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പാര്‍ട്ടി മൊത്തം സര്‍ക്കാരിന്റെ പ്രതിച്ഛായക്കൊപ്പം ഋഷിയെയും ബാധിച്ചു. പുകവലിയോ മദ്യപാനമോ ഇല്ലാത്ത വ്യക്തിയെന്ന് അറിയപ്പെടുന്ന ഋഷിക്ക് അന്ന് കോവിഡ് നിയമങ്ങള്‍ ലംഘിച്ച്‌ ഡൗണിങ്‌സ്ട്രീറ്റില്‍ ഒത്തുകൂടിയതിന് പിഴയൊടുക്കേണ്ടിവന്നിട്ടുണ്ട്. പിന്നാലെ, ഋഷി രാജി പ്രഖ്യാപിച്ചതാണ് ബോറിസിനെ സമ്മര്‍ദ്ദത്തിലാക്കിയതും രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് ബോധ്യപ്പെടുത്തിയതും.

2014-ല്‍ റിച്ച്‌മണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഋഷിയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടര്‍ച്ചയായി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ സെലക്‌ട് കമ്മിറ്റി അംഗമെന്ന നിലയിലും അണ്ടര്‍ സെക്രട്ടറിയായും ട്രെഷറി സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം ബോറിസ് മന്ത്രിസഭയില്‍ ധനമന്ത്രിയാവുന്നത്.