Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഗള്‍ഫില്‍ ഇസ്ലാമിന് മുമ്പുള്ള ക്രിസ്ത്യൻ ആശ്രമം കണ്ടെത്തി.

അബുദാബി: യുഎഇയില്‍ പുരാതന ക്രൈസ്തവ സന്ന്യാസിമഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി.

അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്ന്യാസി മഠമാണ് കണ്ടെത്തിയത്.

യുഎഇ ദ്വീപായ സിനിയയില്‍ കണ്ടെത്തിയ പുരാതന സന്ന്യാസിമഠത്തിന്റെ അവശേഷിപ്പുകള്‍ ക്രിസ്തുമതത്തിന്റെ തുടക്ക കാലത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വെളിച്ചം വീശുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്ത് ക്രിസ്തുമതം പ്രചരിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

യുഎഇയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പുരാതന ക്രൈസ്തവ സന്ന്യാസി മഠമാണിത്. 1400 വര്‍ഷം മുന്‍പുള്ളതാണെന്നാണ് കണക്കുകൂട്ടല്‍. പ്രദേശത്ത് മരുഭൂമിവത്കരണം വ്യാപിച്ച്‌ എണ്ണ സമ്ബന്നമായ നാട് ആകുന്നതിന് മുന്‍പായിരുന്നു ക്രൈസ്തവ സന്ന്യാസിമഠം ഉണ്ടായിരുന്നതെന്നാണ് നിഗമനം.

കാലക്രമേണ ഇവിടെ ഉണ്ടായിരുന്ന വിശ്വാസികള്‍ ഇസ്ലാം മതം സ്വീകരിച്ചു കാണാം. പ്രദേശത്ത് ഇസ്ലാംമതം കൂടുതല്‍ സ്വാധീനം ഉണ്ടാക്കിയത് ഇതിന് പ്രേരണയായിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെയാണ് ഇതിന്റെ കാലപഴക്കം നിര്‍ണയിച്ചത്. 534നും 656നും ഇടയിലാകാം ഇത് സ്ഥാപിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. പ്രവാചകനായ നബി ജനിച്ചത് ഏകദേശം 570ലാണ്. ഒറ്റ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന
പള്ളി മഠത്തില്‍ ഉണ്ടായിരുന്നതായാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. അപ്പവും വീഞ്ഞും ഉണ്ടാക്കുന്നതിനുള്ള ഓവനും അള്‍ത്താരയും എല്ലാം അടങ്ങുന്നതായിരുന്നു സന്ന്യാസിമഠം എന്നാണ് ഗവേഷകരുടെ വാദം.