Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ജോഡോ യാത്രയില്‍ കെജിഎഫ് 2 മ്യൂസിക്; കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട്.

ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് ബെംഗളൂരു കോടതിയുടെ നിര്‍ദ്ദേശം.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളില്‍ പകര്‍പ്പവകാശം ലംഘിച്ച്‌ കന്നഡ സിനിമയായ കെജിഎഫ് ടുവില്‍നിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആര്‍ടി മ്യൂസിക് നല്‍കിയ പരാതിയിലാണ് കോടതി നടപടി.

കെ.ജി.എഫ്.-2ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെയുമാണ് കമ്ബനി നേരത്തെ പരാതി നല്‍കിയിരുന്നത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്ബനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്‍.ടി. മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്ബനി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവരുടെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെയാണ് സാധാരണക്കാര്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാന്‍ ഇതേ യാത്രയിലൂടെ അവര്‍ അവസരം തേടുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ വിഡിയോയില്‍ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. കര്‍ണാടകയിലെ യശ്വന്ത്പുര്‍ പൊലീസാണ് പകര്‍പ്പവകാശ നിയമപ്രകാരം രാഹുന്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവര്‍ക്കെതിരെ കേസെടുത്തത്. എംആര്‍ടി മ്യൂസികിന്റെ പരാതിയിലാണ് കേസ്.