Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

പതിനായിരങ്ങൾ അണിനിരന്ന രാജ്ഭവൻ മാർച്ച് ; സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത രാജ്ഭവന്‍ മാര്‍ച്ച്‌ മ്യൂസിയത്ത് നിന്ന് ആരംഭിച്ചു.സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

കേരളത്തിലേത് അസാധാരണമായ സാഹചര്യമാണെന്ന് യെച്ചൂരി പറഞ്ഞു. വ്യക്തികള്‍ക്കെതിരെയല്ല, നയങ്ങള്‍ക്കെതിരെയാണ് സമരം. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്നില്ല. ശക്തമായ ജനകീയ മുന്നേറ്റമാണിതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.രാജ്ഭവനു മുന്നില്‍ ഒരുലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന കൂട്ടായ്മകളില്‍ പതിനായിരങ്ങളുമാണ് അണിനിരക്കുന്നതെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു.രാജ്ഭവന്‍ സമരത്തിലൂടെ ജനാധിപത്യപരമായ അവകാശമാണ് വിനിയോഗിക്കുന്നതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഡല്‍ഹി കൊച്ചിന്‍ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഇടതുമുന്നണിയുടെ രാജ്‍ഭവന്‍ മാര്‍ച്ചിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിയും സമ്മര്‍ദവും കൊണ്ട് തന്നെ എടുത്ത തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, സമ്മര്‍ദം ചെലുത്താമെന്ന് ആരും കരുതരുത്. ഭരണഘടന ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറില്ല. കോടതിവിധികള്‍ എല്ലാവരും മാനിക്കണം. ആര്‍ക്കും സംഘടിക്കാനും അവരവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നു. സമരത്തിലൂടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം താന്‍ നേരത്തെ എടുത്ത തീരുമാനത്തില്‍നിന്ന് അകലം പാലിച്ചിട്ടില്ലെന്നും ഭാവിയില്‍ തീരുമാനം മാറ്റാന്‍ പോകുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നാടിന്റെ നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുകയാണ് എന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.