Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് കൈമാറി.

ബാലി: ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയില്‍ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി.ഡിസംബര്‍ 1 മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിര്‍മാര്‍ജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം സഹായകരമാകും. 50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങള്‍ ജി20 മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും. നമ്മള്‍ ഒരുമിച്ച്‌ ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവും ആയിരിക്കും. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയില്‍ വെച്ചു നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സുസ്ഥിര വളര്‍ച്ചയെക്കുറിച്ചും സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 2023 സെപ്റ്റംബര്‍ 9,10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് അടുത്ത ജി 20 ഉച്ചകോടി നടക്കുന്നത്.