Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ട്വിറ്ററിൽ നയം വ്യക്തമാക്കി മസ്ക് .

വിദ്വേഷ പ്രസംഗവും നെഗറ്റീവ് ഉള്ളടക്കവും പ്രോത്സാഹിപ്പിക്കില്ലെന്നതടക്കം പുതിയ ട്വിറ്റര്‍ നയം പ്രഖ്യാപിച്ച്‌ ഉടമ ഇലോണ്‍ മസ്‌ക്.’പുതിയ ട്വിറ്റര്‍ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ എന്തും കൈമാറാനുള്ള സ്വാതന്ത്ര്യമല്ല’ ശനിയാഴ്ച ട്വിറ്ററില്‍ മസ്‌ക് കുറിച്ചു. നിഷേധാത്മക/വിദ്വേഷ ട്വീറ്റുകള്‍ പരമാവധി പരിഗണിക്കപ്പെടാതിരിക്കുകയും മൂല്യമില്ലാതാക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം ട്വീറ്റുകള്‍ക്ക് പരസ്യങ്ങളോ ഇതര വരുമാനമോയില്ലെന്നും അവ പ്രത്യേകം അന്വേഷിച്ചില്ലെങ്കില്‍ കണ്ടെത്താനാകില്ലെന്നും പറഞ്ഞു.അതേസമയം, ട്വിറ്റര്‍ നിരോധിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നിരവധി വിവാദ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മസ്‌ക് അറിയിച്ചു. എന്നാല്‍ യു.എസിന്റെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നും പറഞ്ഞു. കനേഡിയന്‍ പോഡ്കാസ്റ്റര്‍ ജോര്‍ദാന്‍ പെട്രേസന്‍, വലതുപക്ഷ ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോണ്‍ ബീ എന്നിവയുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കും. കൊമേഡിയന്‍ കാതി ഗ്രിഫിന്റെ അക്കൗണ്ടും തിരിച്ചുവരും- സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, ലോകകപ്പിലെ ആദ്യ കളി നിങ്ങള്‍ക്ക് ട്വിറ്ററില്‍ കാണാമെന്നാണ് മസ്‌ക് വാഗ്ദാനം നല്‍കി. മികച്ച കവറേജും ഏറ്റവും പുതിയ പ്രതികരണങ്ങളും ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മസ്‌ക് ശതകോടികള്‍ മുടക്കി ട്വിറ്റര്‍ സ്വന്തമാക്കിയത് അത് പിരിച്ചുവിടാനാണെന്ന് വിമര്‍ശനം ഉയരുകയും ലോകകപ്പ് നാളുകളില്‍ ട്വിറ്റര്‍ വന്‍ തകര്‍ച്ച നേരിടുമെന്ന് അഭ്യൂഹം പരക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി മസ്‌ക് എത്തിയത്.