Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അൻവർ ഇബ്രാഹിം മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ക്വലാലംപൂര്‍: മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിം ചുമതലയേറ്റു. ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്.തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് തീരുമാനം.

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. അന്‍വര്‍ ഇബ്രാഹിമിനും എതിര്‍ സ്ഥാനാര്‍ഥി മുഹ്‌യുദ്ദീന്‍ യാസിനും കേവല ഭൂരിപക്ഷം നേടാനായില്ല. 222 സീറ്റുകളുള്ള അധോസഭയില്‍ അന്‍വര്‍ ഇബ്രാഹിമിന്റെ പകതാന്‍ ഹാരപ്പന്‍ സഖ്യം 82 സീറ്റുകളാണ് നേടിയത്. മുന്‍ പ്രധാനമന്ത്രി മുഹ്‌യുദ്ദീന്‍ യാസിന്‍റെ പെരിക്കാതന്‍ നാഷണല്‍ സഖ്യത്തിന് 73 സീറ്റുകളും ലഭിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 112 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അംനോ സഖ്യത്തിലെ 30 നിയമസഭാംഗങ്ങളുടെയും പിന്തുണയോടെ അൻവറിന് ഭൂരിപക്ഷം ഉറപ്പിക്കാനായി.നാല് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് പ്രധാനമന്ത്രിമാരാണ് മലേഷ്യ ഭരിച്ചത്. മുഹിയുദ്ദീന്‍ സര്‍ക്കാരിന്റെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇസ്മായില്‍ സാബ്രി യാക്കോബ് അധികാരത്തിലെത്തിയത്. അന്‍വര്‍ ഇബ്രാഹിം സ്വവര്‍ഗരതി, അഴിമതി ആരോപണങ്ങളുടെ പേരില്‍ 10 വര്‍ഷത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്.

രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചതോടെ വിപണി കുതിച്ചു. റിംഗിറ്റ് കറന്‍സി രണ്ടാഴ്ചയ്ക്കിടെ മികച്ച നിലയിലെത്തി. ക്വാലാലംപൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇക്വിറ്റികള്‍ 3 ശതമാനം ഉയര്‍ന്നു