Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നിരാശരാക്കാതെ മഞ്ഞപ്പട ;ഏക പക്ഷീയ ഗോളുകളുമായി ബ്രസീലിന്റെ തുടക്കം.

ഖത്തർ :ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ ബ്രസീലിന് മിന്നും വിജയം. ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റിച്ചാര്‍ലിസണിന്റെ ഇരട്ടഗോള്‍ മികവില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട വെന്നിക്കൊടി പാറിച്ചത്.മത്സരത്തിന്‍്റെ തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണം തുടര്‍ന്ന ബ്രസീലിന് കൂടുതല്‍ ഗോള്‍ നേടുവാന്‍ കഴിയാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്. കാസിയുടെയും, സാന്‍ഡ്രോയുടെമെല്ലാം ഷോട്ടുകള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചത് അവര്‍ക്ക് തിരിച്ചടിയായി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 2 ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 62ആം മിനിറ്റിലാണ് ആദ്യ ഗോളിന്‍്റെ പിറവി. നെയ്മറിന്‍്റെ ബോക്സിനുള്ളിലേക്ക് ഉള്ള മുന്നേറ്റം അടുത്തെത്തിയപ്പോള്‍ വിനിഷ്യസ് സെര്‍ബിയന്‍ പോസ്റ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്തുവിട്ടു. എന്നാല്‍ ഗോള്‍കീപ്പര്‍ സാവിച്ച്‌ അതൊരു ഡൈവിലൂടെ രക്ഷപ്പെടുത്തി. പക്ഷേ പന്ത് റീബൗണ്ട് ആയി വന്നത് റിച്ചാര്‍ലിസണിന്‍്റെ കാലുകളിലേക്ക് ആയിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലി മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. സ്കോര്‍ 1-0. ശേഷം ആര്‍കമണം തുടര്‍ന്നു കൊണ്ടേയിരുന്ന ബ്രസീല്‍ 73ആം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഈ ഗോളും ഒരു വിനി-റിച്ചാ കോംബോയായിരുന്നു. വിനിഷ്യസിന്‍്റെ ക്രോസ്സ് ആദ്യ ടച്ചിന് ശേഷം രണ്ടാമത്തെ ടച്ചില്‍ ഒരു കിടിലന്‍ ഫുള്‍ വോളിയിലൂടെ റിച്ചാര്‍ലിസണ്‍ വലയിലെത്തിച്ചു.അതോടെ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കാനും താരത്തിനായി. അതിനുശേഷവും ബ്രസീല്‍ ആക്രമണം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. അതേസമയം കാനറിപ്പടയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ സെര്‍ബിയയ്ക്ക് കഴിഞ്ഞുള്ളൂ. ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് അടിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ബ്രസീല്‍ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.