Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഇറാൻ അമേരിക്ക യുദ്ധ പോരാട്ടത്തിൽ അമേരിക്കക്ക് വിജയം.

ഖത്തർ :ലോകകപ്പില്‍ ആറാം തവണ കളിക്കുന്ന ഇറാന്‍, ആറാമതും ആദ്യ റൗണ്ടില്‍ പുറത്ത് .കഴിഞ്ഞ അഞ്ചു തവണയും ഇറാന്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.

ഇറാന്‍ അമേരിക്ക, ഇംഗ്ലണ്ട് വെയില്‍സ് ടീമുകള്‍ പ്രിലിമിനറി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുമ്ബോള്‍ പോയിന്റ് നില രസകരമായിരുന്നു. ‘ബി’ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് 4, ഇറാന്‍ 3, അമേരിക്ക 2, വെയില്‍സ് 1, എന്നിങ്ങനെയായിരുന്നു ടീമുകളുടെ പോയിന്റ്. പോയിന്റ് നിലയില്‍ ഇംഗ്ലണ്ട് മുന്നിലാണെങ്കിലും, ഇന്നത്തെ അവസാന മത്സരത്തില്‍ ഒരു മികച്ച പ്രകടനത്തിലൂടെ ഏത് ടീമിനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാനാവുമെന്ന അവസ്ഥ.

അമേരിക്കയ്‌ക്കെതിരെയായിരുന്നു ഇറാന്റെ ആദ്യ ലോകക്കപ്പ് ജയം. 1998-ലെ ഫ്രാന്‍സ് ലോകകപ്പിലെ ഇറാന്‍ യുഎസ് മത്സരം രാഷ്ട്രീയ വിവാദങ്ങളാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇറാന്റെ 1979 ലെ വിപ്ലവത്തെ തുടര്‍ന്ന് ടെഹ്‌റാനും വാഷിംഗ്ടണും ബന്ധം വിച്ഛേദിച്ചതിന് ശേഷം അവര്‍ തമ്മിലുള്ള ആദ്യ മത്സരം. അന്ന് ഇറാനിയന്‍ കളിക്കാര്‍ തങ്ങളുടെ എതിരാളികള്‍ക്ക് വെളുത്ത റോസാപ്പൂക്കളുടെ പൂച്ചെണ്ടുകളുമായാണ് വന്നത്. മത്സരത്തില്‍ 2-1ന് ഇറാന്‍ ജയിച്ചു. ഇന്നത്തെ ഇറാന്‍ യുഎസ് മത്സരത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് മുക്തമല്ല. ഇറാന്‍ മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22-കാരി മഹ്‌സാ അമിനിയുടെ പോസ്റ്ററുകള്‍ ഇറാന്‍ കാണികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു.

ഒരു സമനിലകൊണ്ട് പ്രീ ക്വര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാമായിരുന്ന ഇറാനെ തോല്‍പിക്കാനുറച്ചാണ് യുഎസ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ചടുല വേഗങ്ങളോടെ മൈതാനം നിറഞ്ഞു കളിക്കുന്ന യുഎസ് താരങ്ങളെയാണ് ഗ്രൗണ്ടില്‍ കാണാനായത്. എന്നാല്‍ ഇറാന്‍ ഗോളി അലിറിസാ മികച്ച ഫോമിലായിരുന്നു. വേഗത കുറച്ച്‌ കളി തങ്ങളുടെ വരുതിയിലാക്കാനുള്ള ഇറാന്‍ ശ്രമം വിജയിച്ചില്ല.

ഇംഗ്ലണ്ട് വെയില്‍സ് മാച്ചിലാണ് എളുപ്പം ഗോള്‍ വീഴും എന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ ഗോള്‍ പിറന്നത് യുഎസ് ഇറാന്‍ മാച്ചിലാണ്. കളിയുടെ 38 മിനിറ്റില്‍ അമേരിക്ക തങ്ങളുടെ ആദ്യ ഗോള്‍ നേടി അമേരിക്കന്‍ മുന്നേറ്റ നിരയുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിനോടുവില്‍ മക്കെന്നിയുടെ നീണ്ട പാസ് ഡെസ്റ്റ് ഇറാന്‍ ബോക്സിലേക്ക് കൃത്യമായി മുറിച്ചു നല്‍കിയ ക്രോസില്‍ കാലു വച്ച്‌ 24 കാരന്‍ ക്രിസ്ത്യന്‍ പുലിസിച്ച്‌ ആണ് ഇറാന്‍ ഗോള്‍കീപ്പറെ കീഴടക്കിയത്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഇറാനിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരു നിമിഷം നിശബ്ദമായി! ഗോള്‍ ശ്രമത്തിനിടെ അയാള്‍ ഇറാന്‍ ഗോളി അലിറിസായുടെ മേല്‍ വീഴുകയും ചെയ്തു. പുലിസിച്ച്‌ന് പരിക്കുപറ്റി.

അവിടുന്നങ്ങോട്ട്, ഏത് നിമിഷവും ഇറാന്‍ പോസ്റ്റില്‍ ഗോള്‍ വീഴാമെന്ന അവസ്ഥയായിരുന്നു. വെസ്റ്റണ്‍ മക്കെന്നിയും സെര്‍ഗിനോ ഡെസ്റ്റും മൂസയുമൊക്കെ കളം നിറഞ്ഞു കളിച്ചു.

ഒരു തോല്‍വി തങ്ങള്‍ക്ക് പുറത്തേക്കുള്ള ടിക്കറ്റാണെന്ന തിരിച്ചറിവോടെയാണ് ഇറാന്‍ രണ്ടാം പകുതി കളിക്കാനിറങ്ങിയത്. അമേരിക്കയ്ക്ക് ഒപ്പത്തിനൊപ്പം നിന്ന് അവരും ആക്രമിച്ചു കളിച്ചു തുടങ്ങിയതോടെ, ആക്രമണ പ്രത്യാക്രമണങ്ങളോടെ മത്സരം മുറുകി.

65 ആം മിനിറ്റില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണ്ണാവസരം ഇറാന്‍ നഷ്ടപ്പെടുത്തി. ഓട്ടത്തിനിടെയുള്ള തരേമിയുടെ ഷോട്ട് പോസ്റ്റിന് പുറത്തു പോയി.

68-ആം മിനിറ്റില്‍ യുഎസിന്റെ യൂനുസ് മൂസയെടുത്ത ഫ്രീ കിക്ക് ബാറിന് മുകളിലൂടെ പുറത്തുപോയി. തുടര്‍ന്നങ്ങോട്ട് തുടരെത്തുടരെ ആക്രമണമഴിച്ചുവിട്ട ഇറാന് പക്ഷെ, ഒരു ഗോള്‍ മാത്രം നേടാനായില്ല. അന്തിമ വിശകലനത്തില്‍, പോസ്റ്റില്‍ കയറുന്ന ഗോളുകളുടെ എണ്ണമാണല്ലോ ജേതാക്കളെ നിശ്ചയിക്കുന്നത്! ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അമേരിക്ക അവസാന പതിനാറിലേക്ക്.

നെതര്‍ലാന്‍സുമായാണ് ശനിയാഴ്ച യുഎസിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.

സമാന്തരമായി നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആക്രമിച്ചു കളിക്കുന്ന ഇംഗ്ലീഷ് താരങ്ങളെ ഗോളടിക്കാന്‍ അനുവദിക്കാതെ പല്ലും നഖവും ഉപയോഗിച്ചു ശക്തമായി ചെറുത്തുനില്‍ക്കുന്ന വെയില്‍സ് താരങ്ങളെയാണ് ഗ്രൗണ്ടില്‍ കണ്ടത്. എളുപ്പത്തില്‍ ഗോള്‍ വഴങ്ങുമെന്ന് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒന്നാം പകുതി മുഴുവന്‍ വെയില്‍സ് താരങ്ങള്‍ ഇംഗ്ലീഷ് കളിക്കാരെ ഫലപ്രദമായി ഗോളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ഗോള്‍ നേടി. മനോഹരമായ ഫ്രീ കിക്ക് ഗോള്‍. 25 വാര അകലെ നിന്ന് റാഷ്‌ഫോര്‍ഡ് എടുത്ത ഫ്രീ കിക്ക് പ്രതിരോധ മതിലിനെയും ഗോളിയെയും കടന്ന് പോസ്റ്റിന്റെ വലതു മൂലയില്‍ തുളച്ചു കയറി.

ആദ്യ ഗോളടിച്ച്‌ ഒരു മിനിറ്റ് പോലും പൂര്‍ത്തിയാകും മുമ്ബ് ഇംഗ്ലണ്ട് വീണ്ടും വെയില്‍സ് വല കുലുക്കി. ഇത്തവണ ഫോഡനാണ് ഗോള്‍ നേടിയത്. പോസ്റ്റിനകത്തുനിന്ന് ഗോളിയെ വെട്ടിച്ച്‌ ലഭിച്ച പാസ് ഫോഡന്‍ നേരെ വലയിലേക്ക് അടിച്ചു കയറ്റി

70 ആം മിനിറ്റില്‍ ഇംഗ്ലണ്ട് തങ്ങളുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വെല്‍ഷ് പ്രതിരോധത്തിലൂടെ നൃത്തച്ചുവടുകളുമായി റാഷ്‌ഫോര്‍ഡ് വെയില്‍സിന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ചു. ഗോള്‍ കീപ്പര്‍ ഡാനി വാര്‍ഡിന് നേരെ വെടിയുതിര്‍ത്തു. സ്‌കോര്‍ 3 – 0.

രണ്ടു വിജയങ്ങളും ഒരു സമനിലയും, ഏഴ് പോയിന്റുമായി, ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക്.