Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

പത്തനംതിട്ട: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികള്‍കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആറന്മുളയില്‍ നിന്നും രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്ക അങ്കി നേരത്തെ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് സായുധ പോലീസിന്റെ അകമ്പടിയില്‍ തങ്ക അങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു. ഘോഷയാത്ര 26 ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്ക അങ്കി 1973 ല്‍ നടയ്ക്കുവച്ചത്. തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെടുമ്പോള്‍ വന്‍ ജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്. എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസിന്റെ സായുധസംഘമാണ് പ്രത്യേക വാഹനത്തില്‍ തങ്ക അങ്കി ഘോഷയാത്രയെ അനുഗമിക്കുന്നത്.

26 ന് ശബരിമലയില്‍ വിവിധ ക്ഷേത്രങ്ങളിലും കരകളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്ക അങ്കി ഘോഷയാത്ര ശബരിമലയിലെത്തുക. തിങ്കളാഴ്ച രാവിലെ ആറന്മുളയില്‍ നിന്നു പുറപ്പെട്ട രഥഘോഷയാത്ര മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവിട്ടുകുളം മഹാദേവ ക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീ ക്ഷേത്രം, നെടുമ്പ്രയാര്‍ തേവലശേരി ദേവീക്ഷേത്രം, കോഴഞ്ചേരി, പമ്പാടിമണ്‍ ശാസ്താ ക്ഷേത്രം, കാരംവേലി, ഇലന്തൂര്‍ ഭഗവതികുന്ന്, ഗണപതി ക്ഷേത്രം, നാരായണമംഗലം, അയത്തില്‍, ഇലവുംതിട്ട മലനട, മെഴുവേലി ആനന്ദഭൂതേശ്വരം, മുട്ടത്തുകോണം, പ്രക്കാനം കൈതവന, ഇടനാട് ഭഗവതി ക്ഷേത്രം, ചീക്കനാല്‍, ഊപ്പമണ്‍ വഴി വൈകിട്ട് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി മഹാക്ഷേത്രത്തില്‍ വിശ്രമിക്കും.

ചൊവ്വാഴ്ച രാവിലെ എട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് കൊടുന്തറ, അഴൂര്‍, പത്തനംതിട്ട ശാസ്താ ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഋഷികേശ ക്ഷേത്രം, മോക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര, കുമ്പഴ, പുളിമുക്ക്, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര ഗോപുരം, ഇളകൊള്ളൂര്‍, ചിറ്റൂര്‍മുക്ക്, കോന്നി ടൗണ്‍, വഴി രാത്രിയില്‍ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ രാത്രി വിശ്രമിക്കും.

മൂന്നാം ദിവസമായ 25 ന് കോന്നിയില്‍ നിന്നു പുറപ്പെട്ട് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കല്‍, വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രം, മൈലാടുപാറ, മലയാലപ്പുഴ ദേവീ ക്ഷേത്രം, മണ്ണാരക്കുളഞ്ഞി. റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്‍ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി റാന്നി പെരുനാട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ എത്തി തങ്ങും.

നാലാം ദിവസം 26 ന് രാവിലെ പെരുനാട്ടില്‍ നിന്നു പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് പമ്പയില്‍ എത്തും. ത്രിവേണിയില്‍ നിന്നു സ്വീകരിച്ച് പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനു വയ്ക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കി ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും. വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തും. അവിടെ നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്തില്‍ എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. 27നു ശബരിമലയില്‍ നടക്കുന്ന മണ്ഡലപൂജയുടെ സമയത്തും തങ്ക അങ്കി ചാര്‍ത്തും.