തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്.നിരോധിച്ച ശേഷവും ഫണ്ടിങ് അടക്കം ലഭിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംഘടന അടിവേരറുക്കാനാണ് രണ്ടാംനിര നേതാക്കളുടെ വീടുകളില്‍ അടക്കം സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നടന്ന പരിശോധനയില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ തിരുവനന്തപുരം സോണല്‍ സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്, കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന സുനീര്‍ മൗലവിയുടെ വീട്, ഈരാറ്റുപേട്ടയില്‍ മുന്‍ ജില്ലാ സെക്രട്ടറി ബിഷുറുള്‍ ഹാഫിയുടെ വീട്, മുന്‍സംസ്ഥാന സമിതി അംഗം നിസാര്‍ ഉള്‍പ്പടെയുള്ള വിവിധ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഒന്‍പതിടങ്ങളില്‍ ഒരേ സമയമാണ് പൊലീസ് റെയ്ഡ് നടത്തിയത്.
കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ന്യൂമാഹി, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വളപട്ടണത്ത് നൗഫല്‍, വളോരയില്‍ അനസ്, കക്കാട് ഫൈസല്‍, ഐടി ജീവനക്കാരനായ മുഹമ്മദ് റംശീദ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ സിറ്റിയില്‍ മുസാഫിര്‍ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പിഎഫ്ഐ മുന്‍ തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് നവാസ് തോന്നയ്ക്കല്‍, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സുല്‍ഫി വിതുര, പിഎഫ്ഐ പ്രവര്ത്തകന് പള്ളിക്കല്‍ ഫസല്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് എന്‍ഐഎ ഡിവൈഎസ്പി ആര്.കെ.പാണ്ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്.. ചക്കുവള്ളിയില്‍ സിദ്ദീഖ് റാവുത്തര്‍ എന്നയാളുടെ വീട്ടിലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എന്‍ഐഎ സംഘം പിടിച്ചെടുത്തു.
പത്തനംതിട്ടയില്‍ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. പത്തനംതിട്ടയില്‍ റെയ്ഡ് നടക്കുന്ന വീടുകളില്‍ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂര്‍ പഴകുളത്തും എന്‍ഐഎ പരിശോധന നടത്തി. പിഎഫ്ഐ നേതാവ് സജീവിന്റെ വീട്ടിലായിരുന്നു പരിശോധന.
ആലപ്പുഴയില്‍ അഞ്ച് ഇടത്ത് എന്‍ഐഎ റെയ്ഡ് നടത്തി. അരൂര്‍, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കല്‍ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം മങ്കോട്ടച്ചിറ മുജീബ്, മുന്‍ ജനറല്‍ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍ഐഎ റെയ്ഡ് നടന്നു. പിഎഫ്ഐ യുടെ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടില്‍ കേരളാ പോലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ റെയ്ഡ് നടന്നത്. ഈരാറ്റുപേട്ടയിലും എന്‍ഐഎ സംഘമെത്തി.
മൂവാറ്റുപുഴയില്‍ പിഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.കെ. അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലര്‍ച്ചെ രണ്ടോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയില്‍ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളില്‍ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ഓഫീസുകളും എന്‍ഐഎ സംഘം തുറന്നുപരിശോധിച്ചു.
തൃശൂരില്‍ കുന്നംകുളം കേച്ചേരിയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്ഐ നേതാവ് ഹുസയറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിന് ആണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന എന്‍ഐഎ റെയ്ഡ് കാലത്ത് ഏഴിനാണ് അവസാനിച്ചത്. തൂവാനൂര്‍ കറുപ്പംവീട്ടില്‍ കുഞ്ഞുമരക്കാറുടെ മകന് ഉസൈര്‍ പിഎഫ്ഐയുടെ സോണല്‍ പ്രസിഡന്റായിരുന്നു. എന്‍ഐയുടെ അഞ്ചംഗ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്.
മലപ്പുറത്ത് ഏഴിടങ്ങളില്‍ ആണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പിഎഫ്ഐ ദേശീയ ചെയര്‍മാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരന് ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടര്‍കുളത്തെ വീട്ടിലും പിഎഫ്ഐ ദേശീയ ട്രെയ്നെര്‍ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുന്‍ സംസ്ഥാന ചെയര്‍മാനായിരുന്ന പി. അബ്ദുല്‍ ഹമീദിന്റെ കോട്ടക്കല്‍ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കല്‍ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി.
കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. ഇയാള്‍ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസില്‍ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്ദീന് കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. മലപ്പുറം സോണല്‍ പ്രസിഡന്റ് ആയിരുന്ന നാസര്‍ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. ഇദ്ദേഹം വിദേശത്താണെന്നാണ് വിവരം.
കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടന്നു. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പിഎഫ്ഐ പ്രവര്ത്തകന് നൗഷാദിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി.
കോഴിക്കോട് പാലേരിയിലും എന്‍ഐഎ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടന്നത്. മേപ്പയൂരിലെ അബ്ദുള്‍ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.
വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടന്നു. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്ബളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജന്‍സി റെയ്ഡ് നടത്തിയത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍നിര നേതാക്കളില്‍ പലരും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.നേതാക്കളുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. നേതാക്കളെ ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. റെയ്ഡിന് മുമ്ബ് ചില നേതാക്കള്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ട്. സംഘടനയുടെ സാമ്ബത്തിക സ്രോതസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പടെ അന്വേഷിച്ചാണ് വീണ്ടും പരിശോധന നടക്കുന്നത്.
വിവിധ രീതികളില്‍ അല്‍ ഖ്വെയ്ദ അടക്കമുള്ള വിവിധ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ബന്ധം സ്ഥാപിക്കുന്നതായി ഈയിടെ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങല്‍ ഒരു രഹസ്യ വിഭാഗം തന്നെ പ്രവര്‍ത്തിപ്പിച്ചുവരുന്നതായും എന്‍ഐഎ അവകാശപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു. നേരത്തെ നടത്തിയ ഒരു റെയ്ഡില്‍ ചില ഉപകരണങ്ങള്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ആ ഉപകരണങ്ങള്‍ സ്കാന്‍ ചെയ്തതില്‍ നിന്നാണ് അല്‍ ഖ്വെയ്ദയുമായി എന്‍ഐഎ നേതാക്കള്‍ ബന്ധപ്പെടുന്നതായും ചില രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കണ്ടുപിടിച്ചത്.പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്ബത്തിക സ്രോതസ്സ് പൂര്‍ണ്ണമായും അടയ്ക്കുകയെന്നതാണ് ലക്ഷ്യം. പി.എഫ്.ഐ. അനുഭാവികള്‍ക്കു നാട്ടില്‍ ബിസിനസ് ചെയ്യാന്‍ പണം നല്കി വരുമാനത്തിന്റെ ഒരു വിഹിതം സംഘടന ഈടാക്കും. പലരും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ചെറിയ തുക വായ്പയെടുത്തശേഷം കള്ളപ്പണവും കൈവായ്പയും ഉപയോഗിച്ചാണു ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്നത്. ഇതിനായി വിദേശത്തുനിന്ന് എന്‍.ആര്.ഐ. അക്കൗണ്ടുള്ള അംഗങ്ങള്‍ നാട്ടിലെ വിവിധ ബാങ്കുകളിലേക്കു പണം അയയ്ക്കും. ഈ പണം പിന്നീടു പി.എഫ്.ഐ. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റും. നേതാക്കള്‍ വഴി അനുഭാവികളിലേക്കു പണമെത്തുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഈ പണം വന്‍തോതില്‍ വിനിയോഗിക്കപ്പെടുന്നുണ്ട്.
ഇതര വിഭാഗങ്ങളുടെ സംരംഭങ്ങളെ സംഘടിതമായി പൂട്ടിച്ചു തങ്ങളുടെ അനുഭാവികളെ സഹായിക്കുന്നതായും വിവരമുണ്ട്. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നോക്കാതെ തങ്ങളുടെ താല്പര്യക്കാരെ പിന്തുണയ്ക്കുന്ന രീതിയുമുണ്ട്. ചെറുകിട ബിസിനസ് നടത്താന്‍ പണം നല്കി അതിന്റെ ഒരു വിഹിതം ഈടാക്കിയും സംഘടന ഫണ്ട് സ്വരൂപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപവത്കരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നുണ്ട്. കുവൈത്ത് ഇന്ത്യ സോഷ്യല്‍ ഫോറം എന്ന പേരില്‍ കുവൈത്തില്‍ പി.എഫ്.ഐ. സജീവമായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫോറത്തിലെ അംഗങ്ങളില്‍നിന്നു വാര്‍ഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി.
ഒമാനില്‍ രണ്ടു ഫൗണ്ടേഷനുകളുടെ നേര്‍ക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകള്‍ വഴി സ്വരൂപിച്ച ഫണ്ട് രാജ്യത്ത് എത്തിച്ചു. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്, ലൈസന്‍സുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ചു രാജ്യത്തെ അക്കൗണ്ടുകളിലേക്ക് അയച്ചു. നാട്ടിലെ മുസ്ലീങ്ങള്‍ക്കുള്ള സഹായം എന്ന പേരില്‍ പണം ശേഖരിച്ചു പി.എഫ്.ഐ., എസ്.ഡി.പി.ഐ. നേതാക്കള്‍ക്ക് അയച്ചതിന്റെ തെളിവുകളും ലഭിച്ചു. സിറിയയില്‍ മുഹമ്മദ് ഫാഹിമി എന്ന അംഗം, തീവ്രവാദ സംഘടനകള്‍ക്ക് ഉപയോഗിച്ച കാറുകള്‍ മറിച്ചുവിറ്റു വലിയ തുകകള്‍ ശേഖരിച്ച് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.
എന്നാൽ എന്‍ഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം ചോര്‍ന്നതായിട്ടാണ് സൂചന. കേരള പോലീസിലുള്ള ഒരു വിഭാഗത്തെയാണ് ഇതിൽ സംശയത്തിന്റെ നിഴലിലാക്കുന്നത്.പത്തനംതിട്ടയിലെ റെയ്ഡിനെ കുറിച്ച് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് വിവരം ലഭിച്ചെന്നാണ് സംശയം ഉയരുന്നത്. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുന്‍പു സ്ഥലംവിട്ടു. ഇതാണ് സംശയത്തിനിടയാക്കിയത്.
അതേസമയം, മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്റെ വീട്ടില്‍നിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍നിന്ന് ഫോണുകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടിലും പരിശോധന നടന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.
ജോഡോ യാത്ര ; രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി മഠത്തിലെത്തി.