Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കുളവാഴ പാഴ്‌ചെടിയല്ല: പണം സമ്പാദിക്കാം കുളവാഴയിലൂടെ

ആലപ്പുഴ: ആര്‍ക്കും വേണ്ടാത്ത വെറുമൊരു സസ്യമല്ല കുളവാഴ. മറിച്ച് നേട്ടം കൊയ്യാന്‍ സാധിക്കുന്ന ഒരു സ്യം കൂടിയാണെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എസ്.ഡി കോളേജിലെ അധ്യാപകരും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും.

വിപണിയില്‍ വന്‍ സാധ്യതകളുള്ള നിരവധി മൂല്യവര്‍ധിത ഉത്പ്പനങ്ങള്‍ കുളവാഴയില്‍ നിന്നും ലഭിക്കുമെന്ന് കണ്ടെത്തിയത് കോളജിലെ സുവോളജി വിഭാഗം അധ്യാപകന്‍ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ്. 1998 ലാണ് കുളവാഴയില്‍ നിന്നും മൂല്യ വര്‍ധിത ഉത്പ്പനങ്ങള്‍ എന്ന ആശയം ഡോ. നാഗേന്ദ്ര പ്രഭു മുന്നോട്ട് വയ്ക്കുന്നത്.

വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഉത്പ്പന്നങ്ങള്‍ക്ക് പുറമെ പല തരത്തിലുള്ള നിറങ്ങള്‍, ചിത്രങ്ങള്‍ വരക്കാനുള്ള ക്യാന്‍വാസുകള്‍, ഏറെ ആവശ്യക്കാരുള്ള ബ്രിക്കറ്റ്, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ്സ്, നഴ്‌സറി പോട്ട്, പെന്‍ സ്റ്റാന്‍ഡ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോര്‍ഡുകള്‍, ശില്‍പനിര്‍മാണത്തിനുള്ള പള്‍പ് വരെ കുളവാഴയില്‍ നിന്നും നിര്‍മ്മിച്ചെടുക്കാം.

കൂണ്‍കൃഷിക്കും കുളവാഴ ഉപയോഗിക്കാന്‍ സാധിക്കും. കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി ഉണക്കിയെടുത്ത് കൂണ്‍ ബെഡ്ഡ് നിര്‍മാണത്തിനും ഉപയോഗിക്കാം. വൈക്കോല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മികച്ച ഉത്പ്പാദനം ഇതിലൂടെ ലഭിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. കൂണ്‍ വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന വേസ്റ്റ് ജൈവ വളമായും ഉപയോഗിക്കാം. ചാണകത്തിനൊപ്പം, ഉണക്കിപ്പൊടിച്ച കുളവാഴ ചേര്‍ത്ത് ചാണക വറളി, മത്സ്യങ്ങള്‍ക്കുള്ള തീറ്റ തുടങ്ങിയവയും ഉത്പ്പാദിപ്പിക്കാന്‍ സാധിക്കും. കുളവാഴയുടെ പൂവില്‍ നിന്നും മൂന്നോളം നിറങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ ചിത്രരചനക്ക് ഉപയോഗിക്കുന്നുമുണ്ട്.

നിലവില്‍ തിരുവനന്തപുരത്തെ ‘ഇക്കോലൂപ് 360’ എന്ന സ്റ്റാര്‍ട്ടപ് കമ്പനി ബ്രിക്കറ്റ് ഉള്‍പ്പെടെയുള്ള കുളവാഴ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2011 ല്‍ ആരംഭിച്ച ജലവിഭവ ഗവേഷണ കേന്ദ്രത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുളവാഴയെക്കുറിച്ച് ഗവേഷണം നടത്തി വരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കുളവാഴയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പരിശീലനവും നല്‍കിവരുന്നു.