Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ദി ട്രാപ്പ്

കൊച്ചി: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാന്‍ ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങി. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ളതാണ് കലാസൃഷ്ടി. ആറടി വ്യാസമുള്ള ഇതിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികള്‍ക്കും ഉള്ളില്‍ കുടുങ്ങിയ മനുഷ്യരൂപങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉള്ളില്‍ കണ്ണാടികള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കാലിഡോസ്‌കോപ്പിന്റെ സാമ്യവുമുണ്ടാകും. കൂടാതെ ട്രാപ്പിനകത്തു കയറി സെല്‍ഫി എടുക്കാം ഒപ്പം ‘പ്ലാസ്റ്റിക്ക് വിരുദ്ധ അടിക്കുറിപ്പും എഴുതി 8078156791 എന്ന നമ്പറിലേക്ക് അയക്കുന്ന ട്രാപ്പ് സെല്‍ഫി മത്സരവുമുണ്ട്.

ഒരു ലിറ്ററിന്റെ 1500 പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തില്‍ ഒന്നര ലക്ഷം രൂപ ചെലവിലാണ് കലാസൃഷ്ടിക്ക് രൂപം നല്‍കിയത്.

ഇടപ്പള്ളി സ്വദേശിയും സയന്‍സ് ഫിലിംമേക്കറും പരസ്യചിത്ര രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള കെ.കെ. അജിത് കുമാറിന്റേതാണ് ട്രാപ്പ് ആശയവും സാക്ഷാത്കാരവും. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ മുമ്പ് മൂന്നുവട്ടം ശ്രദ്ധേയമായ കലാസൃഷ്ടികള്‍ ഒരുക്കിയിട്ടുണ്ട് അജിത്കുമാര്‍. ട്രാപ്പിന്റെ ക്രിയേറ്റീവ് സപ്പോര്‍ട്ടും കോ-ഓര്‍ഡിനേഷനും നിര്‍വ്വഹിച്ചിരിക്കുന്നത് ഗിറ്റാറിസ്റ്റും മ്യുസീഷ്യനുമായ ബിജു തോമസാണ്.

ട്രാപ്പ് കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്. കൊച്ചിയെ സംബന്ധിച്ചിടത്തോളം കായലുകളും മറ്റ് ജലാശയങ്ങളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കുപ്പികളാണ് ഇവിടെ പ്രധാന വില്ലനാകുന്നത്. വെള്ളക്കെട്ടുകള്‍ക്കും പരിസ്ഥിതി നാശത്തിനും പ്ലാസ്റ്റിക് കുപ്പികള്‍ കാരണമാകുന്നു. പ്‌ളാസ്റ്റിക് പെറുക്കുന്നവര്‍ക്കൊപ്പം കൂടി ഉപേക്ഷിക്കപ്പെട്ട വെള്ളക്കുപ്പികള്‍ ശേഖരിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നില്‍ ജനുവരി 30 വരെയുണ്ടാകും പ്രദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012013643, 8078156791 എന്നീ നമ്പറുകളില്‍ വിളിക്കാം.