Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ ഇനി കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകളുടെ പരിധിയില്‍ വരുമെന്നു കേന്ദ്ര ധനമന്ത്രാലയം.വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്‌തികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്‌ (പി.എം.എല്‍.എ.) കീഴിലായിരിക്കുമെന്ന്‌ സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചു.
ഡിജിറ്റല്‍ ആസ്‌തികളുടെ മേല്‍നോട്ടം കര്‍ശനമാക്കാനുള്ള നടപടികളുടെ തുടര്‍ച്ചയാണിത്‌. വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കൈമാറ്റവും പി.എം.എല്‍.എ നിയമത്തിന്‌ കീഴില്‍ വരുമെന്ന്‌ വിജ്‌ഞാപനത്തില്‍ പറയുന്നു. ക്രിപ്‌റ്റോഗ്രാഫിക്‌ മാര്‍ഗങ്ങളിലൂടെയോ മറ്റെന്തെങ്കിലുമോ മാര്‍ഗങ്ങളിലൂടെയോ ജനറേറ്റ്‌ ചെയ്‌ത വിവരങ്ങള്‍, കോഡ്‌, നമ്ബര്‍ അല്ലെങ്കില്‍ ടോക്കണ്‍ (ഇന്ത്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ അല്ല) എന്നിവയെയാണ്‌ ആദായനികുതി നിയമം അനുസരിച്ച്‌, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ്‌ എന്ന്‌ സൂചിപ്പിക്കുന്നത്‌.
കോയിന്‍സ്വിച്ച്‌ കുബേര്‍, വസീര്‍എക്‌സ്‌ എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയ ക്രിപ്‌റ്റോ കമ്ബനികള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നിലവില്‍ പരിശോധന നടത്തുന്നുണ്ട്‌.
രാജ്യാതിര്‍ത്തികള്‍ക്ക്‌ അപ്പുറത്തേക്കു വെര്‍ച്വല്‍ ആസ്‌തികള്‍ കൈമാറുന്നതു നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കുന്നതാകും പുതിയ ചട്ടം. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ വരുത്തുന്ന അപകടസാധ്യത കൈകാര്യം ചെയ്യാന്‍ ആഗോള കരാര്‍ വേണമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌.