Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

യു എസ് ഫിനാൻസ്‌ സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.

വാഷിംഗ്ടണ്‍: യുഎസ് ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യന്‍ വംശജയായ നിഷ ദേശായി ബിസ്വാളിനെ നിര്‍ദ്ദേശിച്ച്‌ അമേരിക്ക്ന‍ പ്രസിഡന്‍റ് ജോ ബൈഡന്‍.യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജയെ ബൈഡന്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബറാക്ക് ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ച ബിസ്വാള്‍, യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്ട്ര വികസന പരിപാടികളിലും ദീര്‍ഘനാളത്തെ പ്രവൃത്തി പരിചയമുള്ളയാളാണ്.

നിഷ ദേശായി ബിസ്വാള്‍ നിലവില്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് പദവിയിലാണ്. കൂടാതെ യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടവും വഹിക്കുന്നുണ്ട്. 2013 മുതല്‍ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിച്ച ബിസ്വാള്‍ യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടു

യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്‍റില്‍ (യുഎസ്‌എഐഡി) ഏഷ്യയുടെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായും ബിസ്വാള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ, തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള യുഎസ്‌എഐഡി പ്രോഗ്രാമുകള്‍ക്ക് മേല്‍ നോട്ടം നല്‍കിയിട്ടുണ്ട്. ദില്ലിയിലും നിഷ ഏറേ നാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ബിസ്വാള്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.