Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.

ലക്നോ: പോലീസ് ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹമ്മദും സഹോദരന്‍ അഷറഫും വെടിയേറ്റു മരിച്ചു.മാധ്യമപ്രവര്‍ത്തകരുടേയും പോലീസിന്‍റെയും കണ്‍മുന്നിലായിരുന്നു ദാരുണസംഭവം നടന്നത്. ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുപോകും വഴി ആതിഖ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്ബോഴായിരുന്നു ആക്രമണം.യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആതിഖിനും സഹോദരനും നേരെ തൊട്ടടുത്തുനിന്ന് അജ്ഞാതരായ രണ്ട് പേര്‍ നിറയൊഴിച്ചു. പ്രയാഗ്‌രാജ് മെഡിക്കല്‍ കോളജില്‍ ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ അജ്ഞാതരായ അക്രമികള്‍ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ് ആതിഖും അഷറഫും തറയില്‍ വീണു. ഉടന്‍ തന്നെ പോലീസ് അക്രമികളെ കീഴടക്കി. ആതിഖിനെയും അഷറഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ യു.പി പൊലീസ് പിടിയിലായി. സ്ഥിതി വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവര്‍ എത്തിയതായി കരുതുന്ന രണ്ടു മോട്ടര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ല മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രിയുടെ സാന്നിധ്യത്തില്‍ പൊലീസ് ഫൊറന്‍സിക് പരിശോധന നടത്തി.

വെടിവയ്പ്പില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിനു പരുക്കേറ്റു. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവര്‍ത്തകനും വീണ് പരുക്കേറ്റു.

2005ലെ ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളാണ് ആതിഖും സഹോദരനും. ബിഎസ്പി എംഎല്‍എ രാജു പാല്‍ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്. കഴിഞ്ഞ ദിവസമായിരുന്നു ആതിഖിന്‍റെ മകന്‍ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അസദ് അഹമ്മദിന്‍റെ സംസ്കാരം ശനിയാഴ്ച രാവിലെയായിരുന്നു.