Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

എള്ള് കൃഷിയില്‍ വിജയഗാഥയുമായി തില്ലങ്കേരി

കണ്ണൂര്‍: എള്ള് നമ്മള് കാര്യായിറ്റ് ഉപയോഗിക്ക്‌ന്നെ പ്രസവരക്ഷാ മരുന്നിനും പിന്ന പലഹാരങ്ങളില് ഇടാനും ആന്ന്… എള്ള് നല്ലയല്ലെ എല്ലത്തിനും’ എള്ളിന്റെ ഉപയോഗത്തെക്കുറിച്ചും, ഗുണത്തെക്കുറിച്ചും വാചാലയാവുകയാണ് പത്മിനി ചേച്ചി. വിളവെടുപ്പിനായി പാകമായി നില്‍ക്കുന്ന എള്ളിന്‍ ചെടികളെ നോക്കിയാണ് അവര്‍ തന്റെ അറിവ് പങ്കുവെച്ചത്. തില്ലങ്കേരി പഞ്ചായത്തിലെ എള്ളുകൃഷി വിളവെടുപ്പ് ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു അവര്‍.

ഈ ഗ്രാമത്തിന് പേര് ലഭിച്ചത് തന്നെ സമൃദ്ധമായ എള്ള് കൃഷിയില്‍ നിന്നാണെന്നും പറയപ്പെടുന്നു. തിലം എന്നാല്‍ എള്ള് എന്നും കരി എന്നാല്‍ കൃഷിസ്ഥലമാണെന്നും ഇങ്ങനെ എള്ള് കൃഷി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്. തങ്ങളുടെ ഈ പാരമ്പര്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കലില്‍ നാല് ഏക്കര്‍ സ്ഥലത്ത് എള്ള് കൃഷിയിറക്കിയത്.

മുന്‍പ് പാഷന്‍ ഫ്രൂട്ട് കൃഷി, ചെണ്ടുമല്ലി കൃഷി എന്നിവ നടത്തി വിപ്ലവം സൃഷ്ടിച്ച പഞ്ചായത്ത് ആദ്യമായാണ് എള്ള് കൃഷി പരീക്ഷിക്കുന്നത്. അത് വലിയ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍. വിളവെടുത്ത എള്ള് കുടുംബശ്രീയുടെ തന്നെ ഉല്‍പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. ഇപ്പോള്‍ വിളവെടുത്ത സ്ഥലത്ത് തുടര്‍ച്ചയായി എള്ള് കൃഷി ഇറക്കാന്‍ തന്നെയാണ് പഞ്ചായത്തിന്റെയും ബന്ധപ്പെട്ടവരുടെയും ആലോചന.

കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് സംഘങ്ങളുടെയും ഹരിതകേരളമിഷന്റെയും കുടുംബശ്രീയുടെയും ആത്മ കണ്ണൂരിന്റെയും പിന്തുണയാണ് എള്ള് കൃഷി വിജയകരമാക്കിയത്. പഞ്ചായത്തിലെ 35 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയതോടെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്ത് എന്ന അംഗീകാരത്തിന്റെ നിറവിലാണ് ഇപ്പോള്‍ പഞ്ചായത്ത്. 14.4 ഹെക്ടര്‍ വയലും 20.76 ഹെക്ടര്‍ കരപ്രദേശവും കൃഷിയോഗ്യമാക്കി.