Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കാര്‍ഷിക വിഭവങ്ങളുടെ കലവറയൊരുക്കി വൈഗ 2020

കാര്‍ഷിക വിഭവങ്ങളുടെ കലവറയൊരുക്കി വൈഗ 2020 പ്രദര്‍ശനത്തിന് സമാരംഭം കുറിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയിരിക്കുന്ന കാര്‍ഷിക പ്രദര്‍ശനം ഉല്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. നാളികേരം, ചക്ക, വാഴപ്പഴം, തേന്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ വിവിധയിനം ചെറുധാന്യങ്ങള്‍ തുടങ്ങി വന്‍ കലവറ തന്നെയാണ് വൈഗ കാര്‍ഷിക മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെ സംസ്‌കരണവും സാധ്യതകളുമാണ് മേളയില്‍ ഏറെ ചര്‍ച്ചചെയ്യുന്നത്.

കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സംരംഭങ്ങള്‍ ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രദര്‍ശനം ഒരു മുതല്‍ക്കൂട്ടാണ്. ഉല്‍പന്നനിര്‍മ്മാണം, കാര്‍ഷിക യന്ത്രസമഗ്രികള്‍, വിപണന മാര്‍ഗങ്ങള്‍, പാക്കേജിങ്, ലൈസന്‍സിങ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പകരാന്‍ വൈഗ ഉപകരിക്കും.

വന്‍ ജനക്കൂട്ടമാണ് വൈഗ 2020 നോടനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക പ്രദര്‍ശനത്തിലെ 330 സ്റ്റാളുകള്‍ കാണാന്‍ വന്നുകൊണ്ടിരിക്കുന്നത്. തേക്കിന്‍കാട് മൈതാനിയില്‍ മറ്റൊരു പൂരക്കാഴ്ചയൊരുക്കി തീം പവലിയന്‍ സജ്ജീകരിച്ചത് കൃഷിവകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്നാണ്. കേരളത്തിന്റെ സുഗന്ധ വിളകള്‍, പുഷ്പങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തീം പവലിയന്‍ തയാറാക്കിയത്.

കര്‍ഷകരുടെ പുതുരീതികള്‍ക്ക് വൈഗയില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. നാളികേര ഇനങ്ങളുടെ ശേഖരം, വിവിധയിനം പഴങ്ങള്‍, പച്ചക്കറികളുടെയും കിഴങ്ങുവര്‍ഗങ്ങളുടെയും അപൂര്‍വയിനങ്ങള്‍, വിവിധ സുഗന്ധവിളകള്‍, പൈനാപ്പിള്‍ ടവര്‍, വിവിധ കാര്‍ഷിക ഉപകരണങ്ങള്‍, ലഘുയന്ത്രങ്ങള്‍, സ്‌പ്രേയിങ്ങിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ എന്നിവ മേളയിലുണ്ട്. നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നതിനാല്‍ പ്രദര്‍ശന സ്റ്റാളുകളും സജീവമാണ്.

കേരളത്തിലെ വിവിധ ജില്ലകള്‍, പഞ്ചായത്തുകള്‍, കുടുംബശ്രീ, സുഗന്ധവ്യഞ്ജന വികസന കോര്‍പ്പറേഷന്‍, വിവിധ വകുപ്പുകള്‍, വയനാടന്‍ ഗോത്ര വിഭാഗം, വിവിധ കാര്‍ഷികോല്‍പന്ന കമ്പനികള്‍ എന്നിവയുടെ സ്റ്റാളുകള്‍ കൂടാതെ ജമ്മു കാശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, ആന്റമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ഓരോയിനം പച്ചക്കറിക്കളുടെയും പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിവിധയിനങ്ങള്‍ മേളയിലെ പ്രധാന ഘടകമായി.

എലിവാലന്‍ കാച്ചില്‍, അടുക്കന്‍ അരി മുതല്‍ വലിച്ചൂരി അരി വരെ, വട്ടവട വെളുത്തുള്ളി, വിവിധയിനം കള്ളിമുള്‍ചെടികള്‍, കാത്സ്യ ചേമ്പ്, ആന്റമാന്‍ ചൂരല്‍ ചെടി, പച്ചക്കറി പള്‍പ്പ് കൊണ്ട് തീര്‍ത്ത കരകൗശല വസ്തുക്കള്‍, വിവിധങ്ങളായ ഓര്‍ഗാനിക് അരി, വ്യത്യസ്തമായ കാര്‍ഷിക ഉപകരണങ്ങള്‍, ജൈവ കീടനാശിനികള്‍, കരകൗശലവസ്തുക്കള്‍ എന്നിവ അടങ്ങുന്നതാണ് പ്രധാന സ്റ്റാളുകള്‍. പ്രദര്‍ശനം ജനുവരി 7ന് സമാപിക്കും.