Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പുതുവർഷത്തിൽ ഉയർത്തെഴുന്നേറ്റ് കേരള ബ്ലാസ്റ്റേഴ്സ്

പുതുവർഷത്തിൽ ഉയർത്തെഴുന്നേറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദ്രബാദിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം വിജയം നേടിയത്. ജയത്തോടെ 11 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തേക്കുയർന്നു.

സീസണിൽ ഇത് വരെ കണ്ട ബ്ലാസ്റ്റേഴ്സിനെയായിരുന്നില്ല ഇന്നലെ ഹൈദ്രബാദിനെതിരെ നടന്ന മത്സരത്തിൽ കണ്ടത്. തീർത്തും ഫോമിലേക്കുയർന്ന പ്രകടനമായിരുന്നു കേരളത്തിന്റെ കൊമ്പൻമാരുടേത്. കളിയുടെ പതിനൊന്നാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ വമ്പൻ തിരിച്ച് വരവ്. കളിയുടെ മുപ്പത്തി മുന്നാം മിനിറ്റിൽ നായകൻ ഓഗ്ബച്ചെയാണ് ആദ്യ ഗോൾ നേടിയത്. നിമിഷങ്ങൾക്കകം ഡ്രോബറോവ് ബ്ലാസ്റ്റേഴ്സിന്റെ ലീഡുയർത്തി .സ്കോർ രണ്ട് – ഒന്ന്.

കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് കേരളത്തിന്റെ കൊമ്പൻമാർ വീണ്ടും ഹൈദരാബാദിന്റെ വല കുലുക്കി. ഇത്തവണ ദൈത്യം എറ്റെടുത്തത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരം റഫേൽ മെസ്സി ബൗളിയായിരുന്നു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തി. ആ നീക്കങ്ങൾക്കൊടുവിൽ സെയ്ത്യാ സിംഗിന്റെ വക ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ. നായകൻ ഓഗ്ബച്ചെയുടെ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾപ്പട്ടിക പൂർത്തിയാക്കി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഹൈദരബാദ് നിരന്തര ശ്രമം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ആ നീക്കങ്ങളെയെല്ലാം വിഫലമാക്കി. പുതുവർഷത്തിൽ ഗംഭീര വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തിരിച്ച് വന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

ഇനി നാല് എവേ മത്സരങ്ങളും രണ്ട് ഹോം മത്സരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന് സീസണിൽ അവശേഷിക്കുന്നത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം സാധ്യമായാൽ
ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഇടം നേടിയേക്കും.