Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ പണിമുടക്ക് തുടരുന്നു: പലയിടങ്ങളിലും വാഹനം തടഞ്ഞു

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. കുറഞ്ഞ കൂലി പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലയുടെ സ്വകാര്യവല്‍കരണം അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിവിരുദ്ധമായി ഭേദഗതി ചെയ്യുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രതിഷേധിക്കുന്നുണ്ട്. പാല്‍, പത്രം, ആശുപത്രികള്‍, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്. ഓട്ടോ, ടാക്‌സി, മോട്ടോര്‍ വാഹന തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കുന്നുണ്ട്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനു സമീപവും കൊല്ലം ചിന്നക്കടയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. ടെക്‌നോപാര്‍ക്കിനു സമീപം സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുന്നത്. ചിന്നക്കടയില്‍ ടാക്‌സി വാഹനങ്ങളാണ് തടയുന്നത്. കണ്ണൂര്‍ നഗരത്തിലും സമരാനുകൂലികള്‍ ഓട്ടോറിക്ഷാ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു. തിരുവല്ലയില്‍ ബാങ്കുകള്‍ അടപ്പിച്ചു. ഫെഡറല്‍ ബാങ്ക്, വിജയാബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എന്നീ ബാങ്കുകളാണ് അടപ്പിച്ചത്. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കെത്തിയവരെയും സമരാനുകൂലികള്‍ തടഞ്ഞു.