Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മരട് ഫ്‌ലാറ്റ്: പൊളിക്കാന്‍ ആകെ വേണ്ട സമയം 23 സെക്കന്റ്

മരട് ഫലാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം വെറും 23 സെക്കന്‍ഡ് മാത്രമെന്ന് വിദഗ്ദ്ധര്‍. ഗോള്‍ഡന്‍ കായലോരം ആറ് സെക്കന്‍ഡില്‍ നിലംപതിക്കും. ജെയിന്‍ കോറല്‍കോവ് എട്ട് സെക്കന്റിലും എച്ച്.ടു.ഒ. ഒന്‍പത് സെക്കന്‍ഡിലും നിലംപതിക്കും.

നോക്കി നില്‍ക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാകില്ല. അത്ര വേഗം കെട്ടിടം ഭൂമിയില്‍ പതിക്കും. പൊടി ഉയരുന്നത് മാത്രമായിരിക്കും കാണുക. കെട്ടിടം തകര്‍ന്നു വീഴുന്നത് കൃത്യമായി മനസ്സിലാക്കാനായി എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും.

ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.യും ഗോള്‍ഡന്‍ കായലോരവും ജെയിന്‍ കോറല്‍കോവും സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ഏല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്ന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന എഡിഫിസ് എന്‍ജിനീയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും എന്‍ജിനീയര്‍മാര്‍ പറഞ്ഞു. ജെറ്റ് ഡെമോളിഷന്‍ എം.ഡി. ജോബ് ബ്രിങ്മാന്‍, പ്രോജക്ട് തലവന്‍ കെവിന്‍ സ്മിത്ത്, സുരക്ഷാ ചുമതലയുള്ള മാര്‍ട്ടിനസ്, എഡിഫിസ് പ്രതിനിധികളായ മയൂര്‍ മേത്ത, ഉല്‍കര്‍ഷ മേത്ത എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

ഈ മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ചുമതലയാണ് ഈ കമ്പനികള്‍ക്കുള്ളത്. മൂന്ന് കെട്ടിടങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞും വ്യാഴാഴ്ചയുമായി അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച രാവിലെ കൃത്യം 11 മണിക്ക് തന്നെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പരിസരത്തെ കെട്ടിടങ്ങള്‍ക്കോ കായലിനോ ഭീഷണിയാകാത്ത വിധം കെട്ടിടങ്ങള്‍ തകര്‍ക്കാനാകുമെന്ന ആത്മവിശ്വാസമാണ് എന്‍ജിനീയര്‍മാര്‍ പങ്കുവെച്ചത്.