Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മരട്: ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചു

കൊച്ചി: മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കുണ്ടന്നൂര്‍ എച്ച് 2 ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത്.

മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്‍പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ സൈറണ്‍ മുന്‍ നിശ്ചയിച്ച സമയമായ 10.30 എന്നത് മാറി 10. 32 നാണ് സൈറണ്‍ മുഴങ്ങിയത്. 10.55 ന് നിശ്ചയിച്ച രണ്ടാം സൈറണ്‍ മുഴങ്ങിയത് 11.10നാണ്. സുരക്ഷാ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം വൈകിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സൈറണ്‍ വൈകിയത്.

തുടര്‍ന്ന് 11. 15 ഓടെ മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ആദ്യം തകര്‍ത്തത് ഹോളി ഫെയ്ത്താണ്. അഞ്ച് സെക്കന്റിനുള്ളില്‍ ഫ്‌ലാറ്റ് നിലംപതിച്ചു.

തുടര്‍ന്ന് നടത്തിയ രണ്ടാം സ്‌ഫോടനത്തിലൂടെ നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകളും നിലംപതിച്ചു. 11.44 നാണ് ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകള്‍ തകര്‍ത്തത്.