Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇന്ന് ശബരിമല ക്ഷേത്രനട അടയ്ക്കുക ഒരുമണിക്കൂര്‍ മാത്രം

ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് ഇത്തവണ 15 ന് പുലര്‍ച്ചെ രണ്ടുമണി ഒന്‍പതു മിനിറ്റിലാണ്. ആ സമയത്താണ് മകരസംക്രമ പൂജ. 15 ന് പുലര്‍ച്ചെയാണ് സംക്രമം എന്നതിനാല്‍ ഇത്തവണ 14-ാം തീയതി ശബരിമല നട അടയ്ക്കുക ഒരു മണിക്കൂര്‍ മാത്രം. 15 ന് രണ്ടുമണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. ഇതിനുശേഷമാണ് ഹരിവരാസനം പാടി നട അടയ്ക്കുക.

മൂന്നുമണിയോടെ അടയ്ക്കുന്ന നട നാലുമണിക്ക് വീണ്ടും തുറക്കും. ഒരു മണിക്കൂര്‍ മാറ്റി നിര്‍ത്തിയാല്‍ രാത്രി മുഴുവന്‍ ദര്‍ശനം സാധ്യമായ ദിവസമാണ് ജനുവരി 14. അത്യപൂര്‍വ്വമാണ് ഇങ്ങനെ ഒരു സാഹചര്യം. കഴിഞ്ഞവര്‍ഷം വൈകുന്നേരം ഏഴരയ്ക്കായിരുന്നു മകരസംക്രമം. 14 ന് വൈകിട്ട് നാലുമണിക്ക് തുറന്നാല്‍ 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ ചടങ്ങുകള്‍ തുടരും. അത്താഴപൂജയ്ക്കു ശേഷം മകരസംക്രമപൂജയ്ക്കുള്ള ഒരുക്കം തുടങ്ങും.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍ വഴി കൊടുത്തയയ്ക്കുന്ന മുദ്രയിലെ നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഇതാണ് സന്നിധാനത്തെ പതിവ്. തിരുവാഭരണവും വഹിച്ചു 13 ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഘോഷയാത്ര പതിനഞ്ചിന് വൈകുന്നേരം ശരംകുത്തിയില്‍ എത്തും. പിന്നീട് ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെനിന്ന് സോപാനത്തിലേക്കും ആനയിക്കും.

തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് ചാര്‍ത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. 21ന് പന്തളം രാജാവിന്റെ ദര്‍ശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ രണ്ടുമാസം നീളുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനമാകും.