Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണം: കൃഷിമന്ത്രി

തിരുവനന്തപുരം: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. നബാര്‍ഡ് ക്രെഡിറ്റ് സെമിനാര്‍ 2020-21 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സ്വര്‍ണപണയ വായ്പ സംബന്ധിച്ച കേന്ദ്ര തീരുമാനങ്ങളിലെ ആശങ്കകള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ കര്‍ഷകര്‍ക്ക് വായ്പാ സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കാര്‍ഷിക സ്വര്‍ണപണയ വായ്പാ പദ്ധതി തന്നെ ഇല്ലാതാക്കുന്ന നിലപാടിലേക്ക് പോകരുത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തു തുടര്‍നടപടി ചെയ്യാനാകുമെന്ന് സംസ്ഥാനതല ബാങ്കിംഗ് സമിതി ഗൗരവമായി ചര്‍ച്ച ചെയ്യണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എത്ര ശതമാനം കര്‍ഷകരില്‍ എത്തി എന്നത് പ്രധാനഘടകമാണ്. ഈവിഷയത്തില്‍ കേന്ദ്രവും റിസര്‍വ് ബാങ്കും യാഥാര്‍ഥ്യബോധത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കണം.

പുതിയ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുമ്പോള്‍ സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യവുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം നബാര്‍ഡ് പരിഗണിക്കണം. നാളികേര മേഖലയിലേതുള്‍പ്പെടെ വിവിധ മേഖലകളിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പ്രായോഗികമായി പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയണം.

കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് വന്‍തോതില്‍ ഫലവര്‍ഗങ്ങളുടെ കൃഷിക്ക് സാധ്യതയുണ്ട്. തോട്ടവിളകളില്‍ നിലവില്‍ റബര്‍, കാപ്പി, ഏലം തുടങ്ങിയവ മാത്രമാണുള്ളത്. മാംഗോസ്റ്റിന്‍, അവക്കാഡോ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തോട്ടവിളകള്‍ വിപുലീകരിക്കണം. പുഷ്പകൃഷി മേഖലയിലും വന്‍ കുതിച്ചുച്ചാട്ടം ഉണ്ടാക്കാനാകും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കുന്നതു സര്‍ക്കാര്‍
പരിഗണനയിലുണ്ട്.

കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ നെഗറ്റീവ് വളര്‍ച്ചാനിരക്കില്‍ നിന്ന് പോസിറ്റീവ് വളര്‍ച്ചയിലേക്ക് കേരളം ഉയര്‍ന്നിട്ടുണ്ട്. ഇത് സുസ്ഥിരമായി നിലനിര്‍ത്താന്‍ അടിസ്ഥാനപരമായ ഇടപെടലുകള്‍ വേണം. മൂല്യവര്‍ധിത, എഫ്.പി.ഒ മേഖലകളില്‍ പ്രായോഗികതലത്തില്‍ ഇടപെടലുകള്‍ നടത്തി സാമ്പത്തികവ്യവസ്ഥയില്‍ പ്രതിഫലിക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 2020-21 സാമ്പത്തിക വര്‍ഷം മുന്‍ഗണനാ വിഭാഗങ്ങളിലായി 1,52923.68 കോടി രൂപയുടെ വായ്പകള്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നബാര്‍ഡ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഫോക്കസ് പേപ്പര്‍ പറയുന്നു. 2019-20 നെ അപേക്ഷിച്ച് 4.63 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഹൈടെക് കൃഷി എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ജനസാന്ദ്രതയിലെ കൂടുതല്‍, കാര്‍ഷികത്തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസം, കുറഞ്ഞ ഭൂമി ലഭ്യത, കാലാവസ്ഥ പ്രതികൂലമായി പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത, ദൃതഗതിയിലുള്ള നഗരവത്കരണം എന്നിവ പരിഗണിച്ച് കേരളത്തില്‍ ഹൈടെക് കൃഷിയിലേക്ക് തിരിയേണ്ടത് അനിവാര്യമാണെന്ന് ഫോക്കസ് പേപ്പര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക, അനുബന്ധ മേഖലകളിലായി 202021 ല്‍ 73,582.48 കോടി രൂപയുടെ വായ്പ നല്‍കാനാകുമെന്നാണ് കരുതുന്നത്. മുന്‍ഗണനാ വായ്പകളുടെ 48 ശതമാനം വരും ഇത്. വിള ഉല്‍പ്പാദനം, പരിചരണം, വിപണനം എന്നീ മേഖലകളിലായി 48546.10 കോടി രൂപയാണ് വായ്പ സാധ്യതയായി കണക്കാക്കുന്നത്. ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1,411.22 കോടി രൂപയും പ്ലാന്റേഷന്‍ ആന്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ 6148.27 കോടി രൂപയും മൃഗസംരക്ഷണ മേഖലയില്‍ 4921.25 കോടി രൂപയും ഫിഷറീസ് മേഖലയില്‍ 756.36 കോടി രൂപയുമാണ് വായ്പ സാധ്യത.