Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

സന്നിധാനം: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയ ശേഷം 6.50ന് ശ്രീകോവിലില്‍ ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷം 6.50 ഓടെയാണ് മകരവിളക്ക് തെളിഞ്ഞത്. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി വിളക്ക് ദര്‍ശിക്കാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തര്‍ തടിച്ചു കൂടിയിരുന്നു. മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തലക്ഷങ്ങളാണ് സന്നിധാനത്ത് എത്തിയത്.

പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. സന്നിധാനത്ത് ദേവസ്വംമന്ത്രി, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഘോഷയാത്ര സ്വീകരിച്ചത്.

മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങള്‍ എത്തിച്ചത്. ആദ്യത്തെ പെട്ടിയില്‍ തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്ബരം എന്നിവയാണുള്ളത്. ഇവയാണ് വിഗ്രഹത്തില്‍ അണിയിച്ചത്.

രണ്ടാമത്തെ പെട്ടിയില്‍ കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍ എന്നിവയാണുള്ളത്. മൂന്നാമത്തെ പെട്ടിയില്‍ കൊടിപ്പെട്ടി, നെറ്റിപ്പട്ടം, കൊടികള്‍, മെഴുവട്ടക്കുട എന്നിവയാണുള്ളത്. ഇവ രണ്ടും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ളവയാണ്. പന്തളത്തുനിന്ന് തിരുവാഭരണത്തിനൊപ്പമെത്തിയ അയ്യപ്പന്മാരെയാണ് ദീപാരാധനയ്ക്ക് ശേഷം ആദ്യം സന്നിധാനത്തേക്ക് കടത്തിവിട്ടത്.