Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഇനി പെട്രോളടിക്കാന്‍ ജയിലില്‍ പോകാം

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പെട്രോള്‍ പമ്പ് ജില്ലയിലെത്തന്നെ ഏറ്റവും വലിയ പമ്പാകുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പമ്പിന്റ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പിനോട് ചേര്‍ന്ന് കഫെറ്റേരിയ, വിശ്രമസ്ഥലം, ടോയ്‌ലറ്റുകള്‍, സ്റ്റേഷനറി കടകള്‍ എന്നിവയും ഒരുക്കും. സമയബന്ധിതമായി മൂന്നുമാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിനോട് അനുബന്ധിച്ച് തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതക്ക് വലതുവശത്തായി 0.1255 ഹെക്ടര്‍ ഭൂമിയിലാണ് പെട്രോള്‍ പമ്പ് യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പ് നിര്‍മ്മിക്കുകയും അവിടെ വില്‍പന നടത്തുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡീലര്‍ഷിപ്പ് ജയില്‍ വകുപ്പിന് നല്‍കുകയും ചെയ്യും. ജയില്‍ ശിക്ഷയില്‍ കഴിയുന്ന നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെ ഇവിടെ ജോലിക്കായി നിയോഗിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് ജോലി. ജയില്‍ നിയമപ്രകാരം 160 മുതല്‍ 180 രൂപ വരെ വേതനം ലഭിക്കും.

ഭക്ഷണ വിതരണത്തിലെ വന്‍ വിജയത്തിന് പിന്നാലെയാണ് കേരള ജയില്‍ വകുപ്പ് മറ്റൊരു പ്രവര്‍ത്തന മേഖലയിലേക്ക് കൂടി കടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത് മാതൃകയാക്കിയാണ് കേരള ജയില്‍ വകുപ്പും പെട്രോള്‍ വിതരണത്തിന് തീരുമാനമെടുത്തത്.