Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവേശനം നിരോധിച്ചു

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് രണ്ടുമാസത്തേക്ക് പ്രവേശനം നിരോധിച്ചു. നീലഗിരി വരയാടുകളുടെ പ്രജനന കാലമായതിനാലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചത്. ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെയാണ് നിരോധനമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.

ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വരയാടുകളുടെ പ്രത്യുത്പാദനം നടക്കുന്നത്. കുഞ്ഞുങ്ങള്‍ ജനിച്ചതിനു ശേഷമുള്ള രണ്ടുമാസം പൂര്‍ണ്ണമായും അമ്മയാടുകളുടെ സംരക്ഷണയിലായിരിക്കും. ഈ കാരണം കൊണ്ടുതന്നെയാണ് ഈ മാസങ്ങളില്‍ ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കാത്തത്.

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്നാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. വംശനാശം നേരിടുന്ന ജീവിവിഭാഗമായ വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഈ ദേശീയോദ്യാനം നിലവില്‍ വന്നതു തന്നെ. വംശനാശം നേരിടുന്നതും ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെ വിവിധ ഇനം കുരങ്ങുകള്‍, മാന്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഉണ്ടെങ്കിലും ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ അധികഭാഗവും വരയാടുകളെ കാണാനായി എത്തുന്നവരാണ്.