Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നേപ്പാള്‍ റിസോര്‍ട്ടില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്: മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച വിനോദസഞ്ചാരികളായ എട്ടുമലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഒന്‍പതു മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്.

പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നേപ്പാള്‍ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവൂ എന്ന് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

അതേസമയം, വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ നേപ്പാള്‍ ടൂറിസം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാളിലെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ(34), ടി ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(9), അഭിനന്ദ് സൂര്യ (9), അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ഇവര്‍ താമസിച്ച മുറിയിലെ ഹീറ്ററില്‍നിന്നു പുറത്തു വന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.