Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൊറോണ വൈറസ്: മരണ സംഖ്യ ആറ്, രോഗബാധ 300 പേര്‍ക്ക്, വിമാനത്താവളങ്ങളില്‍ രോഗപരിശോധന ശക്തമാക്കി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ചവരുടെ എണ്ണം 300 ആയതായാണ് റിപ്പോര്‍ട്ട്. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ലോക ആരോഗ്യ സംഘടന പ്രത്യേക അടിയന്തിര യോഗം ഇന്നും ചേരും. അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് സൂചന. ചൈനക്ക് പുറമെ തായ്‌വാനിലും കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ഓസ്‌ട്രേലിയ, നേപ്പാള്‍, തായ്‌ലന്റ് എന്നിവിടങ്ങളിലും രോഗ പരിശോധന കര്‍ശനമാക്കി. ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.