Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

കുതിരാനില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: കുതിരാന്‍ മേഖലയില്‍ പവ്വര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ജനുവരി 28, 29 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെ കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. ഏറണാകുളം-തൃശൂര്‍ ഭാഗത്തേക്ക് നിന്നും കുതിരാന്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

ഏഴുമണി മുതല്‍ കുതിരാനിലൂടെ തൃശൂര്‍ ഭാഗത്ത് നിന്ന് വാഹനങ്ങള്‍ കടത്തി വിടില്ല. അതിനാല്‍ ഏറണാകുളം-അങ്കമാലി ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ക്ക് രാവിലെ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ബാധകമാണ്. 12 ടണ്ണും അതിലധികവുമുളള ആറ് ചക്രവാഹനങ്ങള്‍, കെ എസ് ആര്‍ ടി സി, സ്വകാര്യ ആംബുലന്‍സ് പോലുളള അടിയന്തിര വാഹനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂര്‍ ടൗണ്‍ വഴി കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളേയും ഗതാഗത നിയന്ത്രണം ബാധിക്കില്ല.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാന്‍ തുരങ്കം രണ്ടു ദിവസം ഭാഗികമായി തുറക്കും. പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങളാണ് ഇതു വഴി കടത്തി വിടുക. തുരങ്കത്തിലെ വെളിച്ചവായു നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ തുരങ്കത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നേരിട്ടെത്തി വിലയിരുത്തി. തുടര്‍ന്നാണ് സര്‍ക്കാരിന് നേരത്തെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തുരങ്കം തല്‍ക്കാലം ഭാഗികമായി തുറക്കാന്‍ തീരുമാനിച്ചത്.

ഗതാഗത നിയന്ത്രണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ജനുവരി 28, 29 കളിലെ ട്രയല്‍ റണ്ണിന്റെ അടിസ്ഥാനത്തില്‍ 15 ദിവസം വീതം രണ്ടു ഘട്ടമായാണ് കേബിളിടല്‍ നടക്കുക. ആ ദിവസങ്ങളിലേക്ക് കുതിരാന്‍ തുരങ്കം തുറക്കുന്നതടക്കമുളള ബദല്‍ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.