Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അസാപ് പൊതുജനങ്ങളിലേക്കും

തൃശ്ശൂര്‍: വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവുമായി അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊതുജനങ്ങളിലേക്ക് ഇറങ്ങുന്നു. പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസവും ബഹുതല ഭാഷാപരിജ്ഞാനവും എത്തിക്കുന്നതിനാണ് അസാപ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കുന്നംകുളത്ത് തുടങ്ങുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രായഭേദമന്യേ ഏവര്‍ക്കും വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും നേടാനാവും. എട്ടോളം തൊഴിലധിഷ്ഠിത കോഴ്‌സുകളും അറബിക്, ജാപ്പനീസ് ഭാഷകളും ചുരുങ്ങിയ കാലം കൊണ്ട് ഇവിടെ നിന്നു പഠിച്ചിറങ്ങാം.

2012 ല്‍ ജില്ലയില്‍ അസാപിന്റെ തുടക്കകാലത്ത് ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 70 സ്‌കൂളുകള്‍, ആറ് എന്‍ജിനീയറിങ് കോളേജ്, ആറ് ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ആദ്യകാലത്ത് സ്‌കൂള്‍ തലത്തില്‍ ഒരു ബാച്ചില്‍ 30 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരുന്നിടത്ത് ഇനി മുതല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊളളിക്കാന്‍ കഴിയും. സ്‌കൂളുകളില്‍ നിന്ന് അസാപ് വഴി തൊഴില്‍ നൈപുണ്യം നേടിയ 200ഓളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജില്ലയിലെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നു.

ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് പൊതുജനങ്ങള്‍ക്കായി അസാപ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡിപ്ലോമ ഇന്‍ പേഷ്യന്റ് കെയര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, അലുമിനിയം ക്ലാഡിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍, ബഹുതല ഭാഷ, ഹീറ്റിങ് വെന്റിലേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷന്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്ലംബിങ് എന്നിങ്ങനെയാണ് കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. റഗുലര്‍, ഈവനിങ് ബാച്ചുകളിലായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇത് വഴി അസാപ് നിര്‍ദേശിക്കുന്നിടത്തും മറ്റിടങ്ങളിലും തൊഴില്‍ നേടാനാവും.

ജില്ലയില്‍ ജി എച്ച് എസ് എസ് ചാവക്കാട്, ജി എച്ച് എസ് എസ് വലപ്പാട്, ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ വടക്കാഞ്ചേരി, ജി എച്ച് എസ് എസ് കൊടകര, കെ കെ ടി എം കോളേജ് പുലൂറ്റ്, ഐ എ എസ് ഇ തൃശൂര്‍ എന്നിങ്ങനെയുള്ള ഏഴ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പ്രോഗ്രാം ഓഫീസര്‍, സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നിവരാണ് പദ്ധതി വിപുലീകരണത്തിന്റെ സ്രോതസ്സുകള്‍. 70 സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവുമാര്‍ ജില്ലയിലുണ്ട്. ഇവര്‍ക്കു പുറമേ കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരുമുണ്ട്.

പൊതുജനങ്ങള്‍ക്ക് രണ്ടു ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള കോഴ്‌സുകളിലാണ് പ്രവേശനം നല്‍കുന്നത്. സ്‌കില്‍ മിത്ര എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പ്രദര്‍ശനം നടത്തിയും അഭിരുചി പരീക്ഷ നടത്തിയുമാണ് പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പഠന സൗകര്യം ഏര്‍പ്പെടുത്തും.