Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നിര്‍ഭയ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ നിലവിലുള്ള മരണവാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. അടുത്ത മരണവാറണ്ട് പുറപ്പെടുവിക്കും വരെയാണ് സ്റ്റേ. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റണം എന്നായിരുന്നു നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട്. ഈ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ പാട്യാല കോടതിയെ സമീപിച്ചത്.

വധശിക്ഷ നടപ്പാകാനിരിക്കെ രണ്ടുദിവസം മുമ്പാണ് കേസിലെ പ്രതിയായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ഇതില്‍ തീരുമാനമാകത്തതുകൊണ്ടാണ് ഇപ്പോള്‍ പാട്യാല കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അപ്പീലുകളോ അപേക്ഷകളോ നിലവില്ലാത്തതിനാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട മറ്റ് മൂന്നുപേരുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതാണ്.

ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികളിലാരെയും അവസാനത്തെ അപേക്ഷ ഉള്‍പ്പെടെ എല്ലാ നിയമപരമായ അവസരങ്ങളും വിനിയോഗിക്കുന്നതിനു മുമ്പ് തൂക്കിലേറ്റാനാവില്ല. ദയാഹര്‍ജിക്കുള്ള അപേക്ഷ രാഷ്ട്രപതി നിരസിച്ച് 14 ദിവസം വരെ കുറ്റവാളികളെ തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശവും അനുശാസിക്കുന്നുണ്ട്.

ഒരാളുടെ ദയാഹര്‍ജി മാത്രമാണ് പരിഗണനയിലുള്ളതെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മറ്റ് മൂന്ന് പേരെ തൂക്കിലേറ്റുന്നതില്‍ തടസമില്ലെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. ഒരു കേസിലെ പ്രതികളെ ഒരേദിവസം തൂക്കിലേറ്റണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ്, മരണവാറണ്ട് കോടതി സ്റ്റേ ചെയ്തത്.

ദയാഹര്‍ജി നിലനില്‍ക്കെ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് നിയമം. ഇത് ചൂണ്ടിക്കാട്ടി ഡല്‍ഹി പട്യാല ഹൗസ് കോടതി ജയില്‍ അധികൃതരോട് പുതിയ തീയതി അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദയാഹര്‍ജി തള്ളിയതിനു ശേഷം രണ്ടാഴ്ചത്തെ സമയം നല്‍കണമെന്ന സുപ്രീംകോടതി വിധിയുള്ളതിനാല്‍ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് അന്ന് തിഹാര്‍ ജയില്‍ അധികൃതരും കോടതിയെ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ രണ്ടാമതും മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 17നായിരുന്നു ഈ വാറണ്ട് പുറപ്പെടുവിച്ചത്. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരവെയാണ് രണ്ടാമതൊരു പ്രതി കൂടി ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രപതി എന്ത് തീരുമാനം കൈകൊണ്ടാലും നിയമപ്രകാരം 14 ദിവസത്തെ സമയപരിധി കൂടി പ്രതികള്‍ക്ക് ലഭിച്ചേക്കും.

അതേസമയം, നീതിക്കായി പോരാട്ടം തുടരുമെന്നും അനന്തകാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന്പ്രതികള്‍ വെല്ലുവിളിക്കുകയാണെന്നും കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.