Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് രാജ്യാന്തര തലത്തില്‍ ഭീഷണിയായെന്ന് ഉറപ്പിച്ച് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്കു വൈറസ് കടന്നാല്‍ വന്‍ ദുരന്തമായിരിക്കും ഫലമെന്നു വ്യക്തമാക്കുന്നതാണ് അടിയന്തരാവസ്ഥ. പതിനെട്ട് രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. അതിനിടെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസിനെതിരെ ലോകം കനത്ത ജാഗ്രതയിലാണ്. ഏറ്റവുമൊടുവില്‍ ബ്രിട്ടനിലും വൈറസ് സ്ഥിരീകരിച്ചു.

രണ്ട് പേര്‍ക്കാണ് ബ്രിട്ടനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയില്‍ നാല് പേരിലും രോഗം കണ്ടെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണം 9809 ആയി. ഇതില്‍ 1527 പേര്‍ ഗുരുതരാവസ്ഥയിലാണ്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ചൈനയില്‍ മാത്രം നിരീക്ഷണത്തില്‍ കഴിയുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈന ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. രണ്ടാഴ്ചക്കിടെ ചൈന സന്ദര്‍ശിച്ച മറ്റു വിദേശകള്‍ക്കും രാജ്യക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ വിഭാഗം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇതോടെ അംഗരാജ്യങ്ങള്‍ നിര്‍ബന്ധിതമാകും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ ചൈനയില്‍ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. ചൈനയില്‍ നിന്നല്ലാതെ അമേരിക്കയില്‍ തന്നെ ഒരാളില്‍ നിന്ന് മറ്റാെരാളിലേക്ക് കൊറോണ പകര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് മാറുകയായിരുന്നു