Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേന്ദ്രബജറ്റ് 2020: കര്‍ഷകര്‍ക്കായി 16 കര്‍മ്മപദ്ധതികള്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും

ന്യൂഡല്‍ഹി: 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവയാണ് കര്‍ഷകരുടെ ഉന്നമനത്തിനായുള്ള പ്രധാന പദ്ധതികള്‍. രാജ്യത്തെ കാര്‍ഷിക വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നും ബജറ്റില്‍ പറയുന്നു.

രാജ്യാന്തര വിപണി കാര്യക്ഷമമാക്കാന്‍ കൃഷി ഉഡാന്‍ പദ്ധതി. കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഇത് നടപ്പാക്കുക. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതിയും പ്രഖ്യാപിച്ചു. ട്രെയനില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ ഏര്‍പ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക സംവിധാനമാണ് കിസാന്‍ റെയില്‍ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. മാതൃകാ കര്‍ഷക നിയമങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. 100 വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രസഹായം നേരിട്ടെത്തിക്കും.

22 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. വരണ്ട കൃഷിഭൂമിയില്‍ സോളാര്‍ പാടങ്ങള്‍ വയ്ക്കാനും ഗ്രിഡുകള്‍ സ്ഥാപിക്കാനും അതിലൂടെ സോളാര്‍ ഊര്‍ജ്ജ സംഭരണവും വില്പനയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും നിര്‍മ്മലാ സീതാരാമന്‍ വിശദീകരിച്ചു.

കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതി വരും. വണ്‍ പ്രോഡക്ട് വണ്‍ ഡിസ്ട്രിക്ട് എന്ന തരത്തില്‍, കൂടുതല്‍ ഉത്പന്നങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനും ഉത്പാദിപ്പിക്കാനും നടപടികളുണ്ടാകും. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേകപദ്ധതി. 15 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയ്ക്കായ് നല്‍കും.

കൂടുതല്‍ വെയര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്. വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ‘ധാന്യലക്ഷ്മി’ പദ്ധതി. 6.11 കോടി കൃഷിക്കാര്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയില്‍ അംഗമായിട്ടുണ്ട്. ഇവര്‍ക്ക് നേരിട്ട് പ്രധാനമന്ത്രി കിസാന്‍ യോജന വഴി ആനുകൂല്യം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കന്നുകാലികള്‍ക്കിടയിലെ അസുഖങ്ങള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. 200 ലക്ഷം ടണ്‍ മത്സ്യോത്പാദനമാണ് ബജറ്റ് പ്രതീക്ഷ. 3477 സാഗര്‍ മിത്ര, 2500 ഫിഷ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ പദ്ധതികളിലൂടെ യുവാക്കള്‍ക്ക് തൊഴിലുറപ്പാക്കും. പട്ടിണി നിവാരണത്തിനായി ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതി, കൂടുതല്‍ സ്വയം സഹായ സഹകരണ സംഘങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കും.

കാര്‍ഷിക മേഖലക്കായി 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കൃഷി അനുബന്ധ സേവനങ്ങള്‍ക്ക് 2.83 ലക്ഷം കോടി രൂപയും ബജറ്റില്‍ നീക്കി വയ്ക്കുന്നു. കൃഷി, ജലസേചനം എന്നിവക്ക് 1.6 ലക്ഷം കോടി, പഞ്ചായത്തീരാജിന് 1.23 ലക്ഷം ആകെ 2.83 ലക്ഷം കോടി എന്നാണ് ബജറ്റ് പ്രഖ്യാപനം. കാര്‍ഷിക മേഖലയില്‍ വന്‍ വികസനമാണ് ലക്ഷ്യം.