Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കുറ്റപത്രം സമര്‍പ്പിച്ചു: ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി, വഫാ ഫിറോസ് രണ്ടാം പ്രതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ ഒന്നാം പ്രതിയും വഫാ ഫിറോസ് രണ്ടാം പ്രതിയുമാണ്. ശ്രീറാം അമിതമായി മദ്യപിച്ച് വണ്ടിയോടിച്ചതാണ് അപകട കാരണമെന്നും വഫ ഫിറോസ് കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് നിന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രിത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

ഫൊറന്‍സിക് വിദഗ്ധരുടെയും വാഹന മേഖലയിലെ വിദഗ്ധരുടെയും റിപ്പോര്‍ട്ടുകള്‍ കുറ്റപത്രത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം 98 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കേസില്‍ നൂറ് സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി പൊലീസ് കോടതിയില്‍ ഹാജരാക്കി.

2019 ഓാഗസ്റ്റ് മൂന്നിന്, രാത്രിയാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു.