Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വീണ്ടും കൊറോണ: ഇത്തവണ ആലപ്പുഴയില്‍; പ്രാഥമിക നിഗമനം മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമതും കൊറോണബാധയെന്ന് നിഗമനം. കൊറോണ ബാധ ഇത്തവണയും വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്‌ക്കെന്ന് ആരോഗ്യമന്ത്രി. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതില്‍ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു.

കൊറോണ ബാധ തടയാന്‍ തുടക്കം മുതലേ ശ്രദ്ധയോടെ പരിശ്രമിക്കുന്നുണ്ട്. വുഹാനില്‍ പഠിക്കാന്‍ പോയവരില്‍ കേരളത്തില്‍ നിന്നുള്ളവരാണ് അധികവും. അവരില്‍ പലരും കേരളത്തിലേക്ക് തിരിച്ചെത്തി. ഇവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്ന് തിരിച്ച് വന്നവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം നിര്‍ബന്ധമായും കേള്‍ക്കണം.

ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി കഴിഞ്ഞ മാസം 24 നാണ് നാട്ടിലെത്തിയത്. സംസ്ഥാനത്ത് 1797 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.