Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോട്ടുകാലിലെ 90 ഏക്കര്‍ തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള നീക്കത്തിനെതിരെ കോട്ടുകാല്‍ പരിസ്ഥിതി സംരക്ഷണ സമിതി രംഗത്ത്

തിരുവനന്തപുരം: കോട്ടുകാലിലെ 90 ഏക്കര്‍ തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള നീക്കത്തിനെതിരെ കോട്ടുകാല്‍ പരിസ്ഥിതി സംരക്ഷണ സമിതി തണ്ണീര്‍ത്തട സംരക്ഷണ പൊതുസഭ സംഘടിപ്പിച്ചു. കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ചാണ് പൊതുസഭ സംഘടിപ്പിച്ചത്. കോട്ടുകാലിന്റെ ജലസമ്പത്തും ജീവനും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടുകാല്‍ പരിസ്ഥിതി സംരക്ഷണ സമിതി തണ്ണീര്‍ത്തട സംരക്ഷണ പൊതുസഭ സംഘടിപ്പിച്ചത്.

കോട്ടുകാല്‍ പ്രദേശത്തെ 90 ഏക്കര്‍ തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള അദാനി കമ്പിനിയുടെ അപേക്ഷ, കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല വിദഗ്ധ സമിതി പരിസ്ഥിതി കാരണങ്ങളാല്‍ നിഷേധിച്ചിട്ടുണ്ട്. ഭൂമി നികത്തിയാല്‍ ജലസംഭരണശേഷി 36 കോടി ലിറ്റര്‍ കുറയും, കോട്ടുകാലിന്റെ കുടിവെള്ള ലഭ്യതയില്‍ കുറവ് വരും, വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടും, മറ്റ് ജലസംഭരണികള്‍ക്കും ജലസ്രോതസുകള്‍ക്കും മലിനീകരണവും ജലശോഷണവും സംഭവിക്കും തുടങ്ങി വളരെയധികം പ്രത്യാഘാതങ്ങള്‍ വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഭൂമി നികത്തിയാല്‍ കോട്ടുകാല്‍ നീര്‍ത്തടവും ജലസ്രോതസുകളും നശിപ്പിച്ച്, കോട്ടുകാലിലെയും സമീപപ്രദേശങ്ങളിലെ ഏഴ് പഞ്ചായത്തുകളിലെയും തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം മേഖലയിലെയും ജനങ്ങള്‍ക്ക്‌ കുടിവെള്ളം ഇല്ലാതായി വന്‍വിപത്താണ് ഉണ്ടാവുക. ഈ സന്ദര്‍ഭത്തില്‍ ജീവന്റെ നിലനില്‍പ്പിന്റെ ജീവനാഡികളായ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായാല്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹത്തിന് അറിവ് നല്‍കുന്നതിനും കൂടിയാണ് കോട്ടുകാല്‍ പരിസ്ഥിതി സംരക്ഷണ സമിതി ഭൂമി നികത്താനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.

 

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്, തലമുറകളായി ജീവജലവും ശുദ്ധവായുവും ഭക്ഷണവും നല്‍കി വരുന്ന, അനാഥയായി, അരുംകൊല ചെയ്യപ്പെടുന്ന, നമ്മുടെ പോറ്റമ്മയായ കോട്ടുകാല്‍ നീര്‍ത്തടത്തെ ഞങ്ങളുടെ ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞാ വാചകം നീര്‍ത്തട സംരക്ഷണ സമൂഹ കണ്‍വീനര്‍ എന്‍.ജെ. ഷമ്മി ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. വി. സുഭാഷ് ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി.