Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

തൃശൂര്‍-പൊന്നാനി കോള്‍ മേഖല മുഴുവന്‍ സബ്‌മേഴ്‌സിബിള്‍ പമ്പ് സ്ഥാപിക്കും: കൃഷിമന്ത്രി

തൃശൂര്‍: തൃശൂര്‍-പൊന്നാനി കോള്‍ മേഖലയില്‍ മുഴുവനായി പെട്ടി പറ സംവിധാനത്തിന് പകരം സബ്‌മേഴ്‌സിബിള്‍ പമ്പ് സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. കോള്‍മേഖലയിലെ പെട്ടി പറ സംവിധാനത്തിന് പകരം സബ്‌മേഴ്‌സിബിള്‍ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം പള്ളിപ്പുറം ആലപ്പാട് പാടശേഖരത്തിലെ ചാബുവാന്‍ കോള്‍ എഞ്ചിന്‍തറയില്‍ മന്ത്രി നിര്‍വ്വഹിച്ചു.

തൃശൂര്‍-പൊന്നാനി കോള്‍ മേഖലയിലെ മുഴുവന്‍ പെട്ടി പറയും മാറ്റി അഞ്ചുവര്‍ഷം കൊണ്ട് സബ്‌മേഴ്‌സിബിള്‍ പമ്പ് സെറ്റ് വെക്കുന്നതിനുള്ള സ്‌കീം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. അതിന് മുന്നോടിയായി കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളില്‍ നിന്നായി എട്ട് കോടിയും ജില്ലാ പഞ്ചായത്ത് ഒരു കോടിയും അടക്കം ഒമ്പത് കോടി രൂപ ഉപയോഗിച്ച് 58 സബ്‌മേഴ്‌സിബിള്‍ പമ്പുകളാണ് വെക്കാന്‍ പോവുന്നത്.

അതില്‍ 14 പമ്പുകള്‍ സ്ഥാപിച്ചു. അടുത്ത സീസണ് മുമ്പായി ബാക്കിപമ്പ് സെറ്റുകളും സ്ഥാപിക്കും. കോള്‍ മേഖലയില്‍ കൃഷി ഇറക്കുന്നതിന് മുമ്പ് വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗതമായി പെട്ടി പറ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അറ്റകുറ്റപ്പണിയും അമിത വൈദ്യുതി ഉപഭോഗവും കാരണം പെട്ടി പറ സംവിധാനത്തിന് നിലവില്‍ വലിയ ചെലവാണ് വരുന്നത്. സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റ് സ്ഥാപിക്കുന്നതിലൂടെ വലിത തോതില്‍ ഉപഭോഗച്ചെലവ് കുറയ്ക്കാം എന്നതാണ് നേട്ടം.

നിലവില്‍ അന്തിക്കാട്, മുല്ലശ്ശേരി, ചേര്‍പ്പ്, പുഴയ്ക്കല്‍ ബ്ലോക്കുകളിലെ വിവിധ കോള്‍ പടവുകളില്‍ 14 പമ്പ് സെറ്റുകള്‍ സ്ഥാപിച്ചതിന്റെ പ്രവര്‍ത്തനോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. പാടശേഖര സമിതികള്‍ക്ക് പമ്പ് സെറ്റുകളുടെ രേഖകള്‍ മന്ത്രി കൈമാറി. സ്മാം പദ്ധതി പ്രകാരം ലഭിച്ച ട്രാക്ടറുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.