Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കൃഷി ലാഭകരമാക്കണോ വരൂ ഫാം ബിസിനസ് സ്‌കൂളിലേക്ക്

തൃശ്ശൂര്‍: കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് പ്രാഥമിക ജ്ഞാനവും ബിസിനസ് സങ്കേതങ്ങളെകുറിച്ച് അവബോധവും നല്‍കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫാം ബിസിനസ് സ്‌കൂള്‍. കൃഷി ലാഭകരമായ സംരംഭമായി നടത്താനും വിപണിയുടെയും ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉല്‍പ്പാദനവും സംസ്‌കരണവും നടത്താനും ബിസിനസ്സിന്റെയും സംരംഭകത്വത്തിന്റെയും പ്രാഥമിക പാഠങ്ങള്‍ പഠിക്കാനും വേദിയാവുകയാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫാം ബിസിനസ് സ്‌കൂള്‍. സംരഭകത്വത്തിന്റെ ആസൂത്രണം, നിര്‍വ്വഹണം, വിപണന തന്ത്രങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ലക്ഷ്യമിട്ട് കൃഷി അനുബന്ധ മേഖലകളിലെ തൊഴില്‍ സംരംഭകര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ഫാം സ്‌കൂളില്‍ ഒരുക്കുന്നത്.

സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കമ്മ്യൂണിക്കേഷന്‍ സെന്റര്‍, എ ഐ ടി സി, കോ ഓപ്പറേഷന്‍, ബാങ്കിംഗ് ആന്‍ഡ് മാനേജ്‌മെന്റ് കോളേജ്, ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജ് എന്നിവ സംയുക്തമായാണ് ഒരാഴ്ച കാലം നീളുന്ന പരിശീലനം നല്‍കുക. ഉല്‍പ്പാദനം മുതല്‍ വിപണനം വരെ പാലിക്കേണ്ട ഗുണനിലവാരം, വിപണന തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം ബിസിനസ് സ്‌കൂള്‍ നല്‍കും. ചെറുകിട യൂണിറ്റുകള്‍ ഉല്‍പ്പാദന ക്ഷമവും, ലാഭകരവുമാക്കാന്‍ പുതിയ സങ്കേതങ്ങള്‍ സ്‌കൂള്‍ പരിചയപ്പെടുത്തും.

വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വര്‍ഷം മുഴുവന്‍ സുസ്ഥിരമായ വരുമാനം നിലനിര്‍ത്താന്‍ വേണ്ട മൂല്യ വര്‍ധനവിന്റെ സാധ്യതകള്‍ സ്‌കൂള്‍ ചര്‍ച്ച ചെയ്യും. ഇതിന് പുറമെ ഒഴുക്കിനെതിരെ നീന്തി വിജയം വരിച്ച സംരംഭകരുടെ അനുഭവങ്ങളും ഇവിടെ പഠിക്കാം. സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചും, നിയമപരമായി ലഭിക്കേണ്ട ലൈസന്‍സുകള്‍ നേടാനും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഫാം ബിസിനസ് സ്‌കൂള്‍ സഹായിക്കും.

കേരള കാര്‍ഷിക സര്‍വകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ച സംരംഭകത്വ സാധ്യതകളുള്ള സാങ്കേതിക വിദ്യകള്‍ ഫാം ബിസിനസ് സ്‌കൂളിലൂടെ പരിചയപ്പെടാനും കഴിയും. പുതിയ ആശയങ്ങള്‍ വികസിപ്പിക്കാനും പ്രോജക്ടുകള്‍ തയ്യാറാക്കാനും മനുഷ്യ വിഭവങ്ങളും ധന ശ്രോതസ്സുകളും പ്രയോജനപ്പെടുത്താനും കണക്കുകള്‍ പരിപാലിക്കാനും വാണിജ്യ തന്ത്രങ്ങള്‍ പരിചയപ്പെടാനും ഈ സ്‌കൂളില്‍ പഠിക്കാം.

ഇവിടെ പഠിക്കാന്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് നേരിട്ടോ ഇ മെയില്‍ വഴിയോ അപേക്ഷിക്കാം. അപേക്ഷകന് വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയര്‍ സെക്കന്ററിയാണ്. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന കോഴ്‌സിന് 5000 രൂപയാണ് ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യതയുള്ള 20 പേരടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം നല്‍കുക. വിവിധ മേഖലകളിലെ സംരംഭകത്വ പരിശീലനത്തിന് വിദഗ്ധരുടെ സേവനം ലഭ്യമാകും. ആവശ്യക്കാര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.