Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തകഴി സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

ആലപ്പുഴ: തകഴി സ്മാരകം നല്‍കുന്ന 2019 ലെ തകഴി സാഹിത്യ പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന പരിപാടിയില്‍ മന്ത്രി ജി സുധാകരന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മന്ത്രി ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

കുട്ടികാലം മുതല്‍ കണ്ടും കേട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം ശ്രീകുമാരന്‍ തമ്പി പങ്കുവച്ചു. കവി റഫീഖ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സ്മാരക സമിതിയംഗം അലിയാര്‍ എം മാക്കിയില്‍ രചിച്ച പാടവരമ്പത്ത് എന്ന കഥാസമാഹാരം ശ്രീകുമാരന്‍ തമ്പി മന്ത്രി ജി. സുധാകരന് നല്‍കി പ്രകാശനം ചെയ്തു.

സാഹിത്യരംഗത്ത് വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും നവോത്ഥാനത്തിന്റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റം നടന്നു കഴിഞ്ഞുവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മണ്ണിന്റെ വേദനയും ഗന്ധവും പച്ചയായ യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പല സാഹിത്യ കൃതികളുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് സ്മാരകം സംഘടിപ്പിച്ച തകഴി സാഹിത്യ ക്വിസ് വിജയികള്‍ക്ക് മന്ത്രി രവീന്ദ്രനാഥ് ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു. ശ്രീകുമാരന്‍ തമ്പിയുടെ കവിതകളും പാട്ടുകളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഗാന പരിപാടി ശ്രീ ഗീതികള്‍ ചടങ്ങില്‍ അരങ്ങേറി.