Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നിയമനങ്ങള്‍ വര്‍ദ്ധിക്കും: നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോര്‍ക്ക റൂട്ട്‌സും കുവൈറ്റിലെ സായുധസേനയും കരാറില്‍ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത്.

കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. ഇത് സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരിയും 2019 സെപ്തംബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

റിക്രൂട്ട്‌മെന്റിന്റെ ആദ്യപടിയായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിരുദാനന്തര ബിരുദത്തിനുശേഷം അഞ്ചുവര്‍ഷം പ്രവൃത്തിപരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം.

കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കുടുതല്‍ വിവരങ്ങളും www.norkaroots.org ലും ടോള്‍ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തിയതി ഫെബ്രുവരി 29.