Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

പി പരമേശ്വരന്‍ അന്തരിച്ചു

ആര്‍ എസ് എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പി.പരമേശ്വരന്‍ (93) അന്തരിച്ചു. ഒറ്റപ്പാലം പാലപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. ഭൗതികശരീരം ഞായറാഴ്ച തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തിങ്കളാഴ്ച മുഹമ്മയിലെ കുടുംബ വീട്ടില്‍ സംസ്‌കരിക്കും.

ചിന്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ കേരള രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു പി പരമേശ്വരന്‍. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്നു അദ്ദേഹത്തെ രാജ്യം സ്‌നേഹാദരങ്ങളോടെ പരമേശ്വര്‍ജി എന്നു വിളിച്ചു. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും കീഴടക്കിയിരുന്ന സംസ്ഥാനത്തെ രാഷ്ട്രീയ, ബൗദ്ധിക മണ്ഡലങ്ങളിലേക്കു ഭാരതീയ ജനസംഘത്തിന്റെ ദേശീയതയിലൂന്നിയ പുതിയൊരു വിചാരധാര കടത്തിവിടുന്നതിനു മുഖ്യനേതൃത്വം നല്‍കിയതു പി പരമേശ്വരനായിരുന്നു.

1927 ല്‍ ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ ചാരമംഗലം താമരശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീ ഡിഗ്രി പൂര്‍ത്തിയാക്കിയ പരമേശ്വരന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവുമെടുത്തു. ബിരുദ വിദ്യാഭ്യാസ കാലത്ത് ജനസംഘത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം, സംഘടനയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

1950 ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 57 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് ജനസംഘത്തിന്റെ ആള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വിവേകാനന്ദ സ്മാരക നിര്‍മാണത്തില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

1977 മുതല്‍ 1982 വരെ ഡല്‍ഹി കേന്ദ്രമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മാര്‍ക്‌സും വിവേകാനന്ദനും തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്‍, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദര്‍ശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാര്‍ശനികന്‍ തുടങ്ങിയവ വിചാരമേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.

1992 ല്‍ കേരളത്തില്‍ നിന്നൊരാളെ മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭ എം.പി ആക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നു വന്ന പേര് പി. പരമേശ്വരന്റേതായിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നും അധികാരകേന്ദ്രങ്ങളില്‍നിന്നും അകന്ന് ആധ്യാത്മികതയും ലാളിത്യവും മുഖമുദ്രയാക്കി രാഷ്ട്രീയ സ്വയംസേവകര്‍ക്കു മാര്‍ഗനിര്‍ദേശിയായി ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.

2004 ല്‍ പത്മശ്രീ 2000 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ നിയമ നിര്‍മാണ സഭയില്‍ അംഗമായി തെരഞ്ഞെടുത്തു. 2002 ല്‍ അമ്യത കീര്‍ത്തി പുരസ്‌കാരം 2013ല്‍ ആര്‍ഷ സംസ്‌കാര പരമ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.