Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പാഴാക്കരുത് കശുമാങ്ങ: 16 ഇനം ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വരുമാനം കൂട്ടാം

തൃശ്ശൂര്‍: കറയുള്ളതുകൊണ്ട് അധികാമാരും കഴിക്കാതെ ഉപേക്ഷിക്കുന്നതാണ് കശുമാങ്ങ. എന്നാല്‍ കശുമാങ്ങയുടെ കറ നീക്കം ചെയ്ത് അതില്‍ നിന്ന് വ്യത്യസ്ത രുചികളുള്ള ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാക്കാനുമുള്ള സാങ്കേതികവിദ്യ കശുമാവ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിരിക്കുന്നു. മണ്ണുത്തിക്കടുത്ത് മാടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കശുമാങ്ങ യൂണിറ്റിലാണ് ഈ 16 വ്യത്യസ്ത വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

കശുമാങ്ങ സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടുട്ടി ഫ്രൂട്ടി, സ്‌ക്വാഷ്, ആര്‍ ടി എസ് പാനീയം, വൈന്‍, അച്ചാര്‍, കശുമാങ്ങ ചട്ണി, ഹല്‍വ, വിനാഗിരി, ബിസ്‌ക്കറ്റ്, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, കശുമാങ്ങ സോഡാ എന്നിവയാണ് മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത കശുമാങ്ങ ഉത്പന്നങ്ങള്‍.

കശുമാങ്ങയ്ക്ക് ചവര്‍പ്പ് നല്‍കുന്നത് ടാനിനാണ്. പഴച്ചാറില്‍ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേര്‍ത്തോ ചവര്‍പ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേര്‍ത്ത് പള്‍പ്പ് ഉണ്ടാക്കുന്നത്. ഇതില്‍ നിന്നുമാണ് ജാം, ഹല്‍വ, മിഠായി, ടുട്ടി ഫ്രൂട്ടി, ചട്ണി എന്നിവ ഉണ്ടാക്കുന്നത്. പച്ച കശുമാങ്ങയില്‍ നിന്നുമാണ് അച്ചാറുകള്‍ ഉണ്ടാക്കുന്നത്. കശുമാങ്ങ നീരില്‍ നിന്നുമാണ് സിറപ്പ്, സ്‌ക്വാഷ്, ആര്‍ ടി എസ് ഡ്രിങ്ക്, സോഡാ, പുളിക്കാത്ത പഴച്ചാര്‍, വിനാഗിരി, വൈന്‍, വീര്യം കുറഞ്ഞ മദ്യം എന്നിവ തയ്യാറാക്കുന്നത്.

10 വര്‍ഷം പ്രായമായ കശുമാവില്‍ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോള്‍ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുന്നു. 100 ഗ്രാം കശുമാങ്ങയില്‍ 180 മുതല്‍ 370 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇതില്‍ നിര്‍ജ്ജലകരണ ഘടകങ്ങള്‍ ഉള്ളതിനാല്‍ കോശങ്ങളുടെ സംരക്ഷണത്തിനും യുവത്വം നിലനിര്‍ത്താനും പല ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും. പറങ്കികള്‍ അഥവാ പോര്‍ച്ചുഗീസുകാര്‍ മലയാള കരയിലേക്ക് കൊണ്ടു വന്ന പറങ്കിമാവ് അധിക ചിലവില്ലാതെ പണസഞ്ചി നിറക്കാന്‍ സഹായിക്കുന്ന കാര്‍ഷിക ഉല്പന്നം കൂടിയാണ്.