Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

നെല്‍കൃഷിക്ക് റോയല്‍റ്റി നല്‍കുന്നത് കേരള സര്‍ക്കാരെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: ഇന്ത്യയിലാദ്യമായി നെല്‍കര്‍ഷകര്‍ക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയല്‍റ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. തൃശൂരില്‍ മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് വില്‍വട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂര്‍ പാടശേഖരങ്ങളില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ സംരക്ഷണ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ രണ്ടാംഘട്ടം പ്രവര്‍ത്തോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വരുംതലമുറയ്ക്കുളള ഈടുവെപ്പാണ് നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും സംരക്ഷണത്തിലൂടെ നാം ചെയ്യുന്നത്. ഒരിഞ്ച് പാടം പോലും നികത്താന്‍ ആരേയും അനുവദിക്കില്ല. ഒരു സെന്റില്‍ നെല്‍കൃഷി ചെയ്യുമ്പോള്‍ ഒരുലക്ഷത്തി നാല്‍പത്തി അയ്യായിരം ലിറ്റര്‍ വെളളം ഭൂമിയില്‍ സംഭരിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ പാരിസ്ഥിതിക മൂല്യം കണക്കിലെടുത്താണ് നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ റോയല്‍റ്റി പ്രഖ്യാപിച്ചത്. നെല്‍കൃഷിയെ ലാഭത്തിലാക്കാനും കൃഷിവകുപ്പിന് കഴിഞ്ഞു. ഒരുകിലോ നെല്ലിന് 26.90 രൂപ നല്‍കിയാണ് ഇപ്പോള്‍ സംഭരിക്കുന്നത്. കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാതിരിക്കാനാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിയ്യൂര്‍ സെന്റര്‍ ജയിലിലെ 64 ഹെക്ടര്‍ സ്ഥലത്ത് നടത്തിയ മണ്ണ് പരിശോധനാ സ്ഥലത്തിന്റെ റിപ്പോര്‍ട്ട് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. അസി. ജയില്‍ ഓഫീസര്‍ സി പി വിനോദ് ഏറ്റു വാങ്ങി. മുക്കാട്ടുക്കര ചിരടംപ്പാലത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ എസ് അംബിക പദ്ധതി വിശദീകരിച്ചു.

4.38 കോടി രൂപയ്ക്ക് ടെണ്ടര്‍ ചെയ്ത രണ്ടാംഘട്ട പദ്ധതി വഴി, കുറ്റുമുക്ക്, മുല്ലക്കര, മുക്കാട്ടുക്കര, നെലങ്കര, നെട്ടിശ്ശേരി, നെല്ലിക്കാട്, കൂടാപാടം, കോട്ടോംപാടം, പാറേകുളം, വടക്കേപാടം പാടശേഖരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 300 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി അധികമായി ചെയ്യാനും 1500 ടണ്‍ നെല്ല് കൂടുതല്‍ ഉല്‍പാദിപ്പിക്കാനും കഴിയും. 50 ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 500 കര്‍ഷകര്‍ക്ക് 125000 തൊഴില്‍ദിനങ്ങള്‍ പ്രദാനം ചെയ്യാനും പദ്ധതി വഴി സാധിക്കും.