Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തിരുപ്പൂര്‍ അവിനാശി വാഹനാപകടം: മരിച്ചവരില്‍ 18 പേര്‍ മലയാളികള്‍; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

കോയമ്പത്തൂര്‍: അവിനാശിയില്‍ കെ എസ് ആര്‍ ടി സി വോള്‍വോ ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളും 14 പേര്‍ പുരുഷന്മാരുമാണ്. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42), എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ് (33) എന്നിവരാണ് മരിച്ചത്.

ബസ്സില്‍ ആകെ 48 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. എറണാകുളത്ത് ഇറങ്ങേണ്ടവരായി 25 പേരും പാലക്കാട് നാല്, തൃശൂര്‍ 19 പേരുമാണ് ബസില്‍ ഉണ്ടായിരുന്നത് എന്ന് റിസര്‍വേഷന്‍ ചാര്‍ട്ട് വ്യക്തമാക്കുന്നു.

പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍ നിന്നു സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇതാണ്:

പാലക്കാട് ഡിപിഒ ഹെല്‍പ് ലൈന്‍ നമ്പര്‍ 9447655223, 0491 2536688
കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ 9495099910
കേരളാ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ 9497996977, 9497990090, 9497962891
തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 7708331194