Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ദേവനന്ദയെ കണ്ടുകിട്ടിയില്ല; തിരച്ചില്‍ തുടരുന്നു

കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കാണാതായി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. കാണാതായ കുട്ടിയ്ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

വീടിന്റെ നൂറുമീറ്റര്‍ അകലെയുള്ള പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തുന്ന തിരച്ചില്‍ മണിക്കൂറുകളായി തുടരുകയാണ്. കൂടാതെ ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി.

സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകുവശത്ത് വസ്ത്രം അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയമായി മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നു കിടക്കുന്ന നിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.

കുട്ടിയെ കണ്ടെത്തിയെന്ന് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.