Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വിക്രമിന്റെ ‘കോബ്ര’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി: സിനിമയില്‍ വിക്രം എത്തുന്നത് ഏഴ് ഗെറ്റപ്പുകളില്‍

സൂപ്പര്‍ താരം വിക്രം നായകനാകുന്ന ചിത്രം കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏഴ് ഗെറ്റപ്പുകളിലുള്ള വിക്രമിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. യുവാവായും വൃദ്ധനായും തടിച്ച ശരീരപ്രകൃതിയുള്ള ആളായുമെല്ലാം വിക്രമിനെ പോസ്റ്ററില്‍ കാണാം. ചിത്രം സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന്റെ സംവിധായകമായ ജ്ഞാനമുത്തുവാണ് കോബ്രയുടെയും സംവിധാനം നിര്‍വ്വഹിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് വിക്രമിന്റെ ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. വിക്രമുമായി കൈകോര്‍ക്കുന്നതായി അറിയിച്ചതു മുതല്‍ സംവിധായകന്‍ അജയ് ജ്ഞാനമുത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും വളരെ ഉയര്‍ന്നതാണ്.

ഒരേ സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് വിക്രം എന്ന നടനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല, അന്യന്‍, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണവുമാണ്. എന്നിരുന്നാലും, ദസാവതാരത്തിലെ കമല്‍ ഹാസനുമായി സാമ്യമുള്ള പുതിയ ബഹുമുഖ ചിത്രം എന്ന തലത്തിലേക്ക് കോബ്ര ഈ വെല്ലുവിളി ഏറ്റെടുക്കുന്നു.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിക്രമിനെ കൂടാതെ സംവിധായകന്‍ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എ.ആര്‍. റഹ്മാനാണ്. താമരൈ, പാ വിജയ്, വിവേക് എന്നിവരുടേതാണ് വരികള്‍. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 മെയ് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.